മൃഗസംരക്ഷണ വകുപ്പ് 31615 കിലോ കാലിത്തീറ്റ വിതരണം ചെയ്തു
തൊടുപുഴ: മഴക്കെടുതിയുടെ ദുരിതം ബാധിച്ച കാര്‍ഷിക മേഖലയിലെ കന്നുകാലി സംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ സൗജന്യമായി 31615 കിലോ കാലിത്തീറ്റയും 2000 കിലോ മിനറല്‍ മിക്‌സും വിതരണം ചെയ്തു.
തൊടുപുഴ താലൂക്കില്‍ 9000 കിലോ, ദേവികുളം താലൂക്കില്‍ 4200 കിലോ, ഉടുമ്പന്‍ചോല താലൂക്കില്‍ 2915 കിലോ, ഇടുക്കി, പീരുമേട് താലൂക്കുകളിലായി 15500 കിലോ കാലിത്തീറ്റ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
കനത്ത മഴയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമായതോടെ വീടുകള്‍ അപകടാവസ്ഥയിലായി ക്യാമ്പുകളിലേയ്ക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറിയ കര്‍ഷകരുടെ കന്നുകാലികളില്‍ ഭൂരിഭാഗത്തിനെയും ഉയര്‍ന്ന പ്രദേശങ്ങളിലും മറ്റ് വീടുകളുടെ സമീപത്താണ് കെട്ടിയിരുന്നത്. ഇത്തരത്തില്‍ മാറ്റിക്കെട്ടിയിരുന്നതും അഴിച്ചുവിട്ടിരുന്നതുമായ കന്നുകാലികള്‍ക്ക് തീറ്റ നല്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജില്ലയിലെ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ കന്നുകാലികള്‍ക്ക് കാലിത്തീറ്റയും പോഷകാഹാരവും സൗജന്യമായി നല്കിയത്. ഒരു കന്നുകാലിക്ക് ദിവസത്തേക്കുള്ള കാലിത്തീറ്റയാണ് വിതരണം ചെയ്തത്. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാലിത്തീറ്റ, ക്യാമ്പുകളില്‍ എത്തിച്ച് നല്കിയിരുന്നു.ഓരോ ഗ്രാമ പഞ്ചായത്തും നല്കുന്ന ഗുണഭോക്തൃ ലിസ്റ്റനുസരിച്ച് അതത് മൃഗാശുപത്രി അധികൃതരുടെ മേല്‍നോട്ടത്തിലാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ജില്ലയിലെ ആയിരത്തിലധികം കന്നുകാലികള്‍ക്ക് ഇതിലൂടെ തീറ്റ നല്കുവാന്‍ സാധിച്ചു. ആവശ്യമായ കന്നുകാലികള്‍ക്ക് ഇതോടൊപ്പം മൃഗ ഡോക്ടര്‍മാരുടെ സേവനവും മരുന്നും ലഭ്യമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."