ഹജ്ജ്: തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മുംബൈയിലെത്തി
കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുവാന്‍ അവസരം ലഭിച്ചവരുടേ പാസ്‌പോര്‍ട്ടുകള്‍ മുംബൈയിലെത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലേക്കാണ് പാസ്‌പോര്‍ട്ടുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കൈമാറിയത്. അവസരം ലഭിച്ചവരില്‍ വിദേശത്തുള്ളവര്‍ ഒഴികെ മുഴുവന്‍ പേരും പാസ്‌പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ളവര്‍ ജൂലൈ അഞ്ചിനകം സമര്‍പ്പിച്ചാല്‍ മതി. കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ 184 പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ അയച്ചിട്ടില്ല.
കൊറിയര്‍ വഴിയാണ് പാസ്‌പോര്‍ട്ടുകള്‍ മുംബൈയിലേക്ക് അയച്ചത്. ഇവ എണ്ണി തിട്ടപ്പെടുത്താനായി നാല് ജീവനക്കാരെയും അയച്ചിട്ടുണ്ട്. ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് മുന്‍പായുളള പ്രവൃത്തികളാണ് മുംബൈയില്‍ ആരംഭിച്ചത്. ഹജ്ജ് വിസ കോണ്‍സിലേറ്റില്‍ നിന്നാണ് മുദ്രണം ചെയ്യുക. ജൂലൈയിലാണ് വിസ സ്റ്റാമ്പിങ് ആരംഭിക്കുക.
ഹജ്ജ് തീര്‍ഥാടകരെ തിരിച്ചറിയാന്‍ കൈയില്‍ കെട്ടുന്ന ലോഹച്ചങ്ങല നല്‍കുന്നുണ്ട്. ഇതില്‍ തീര്‍ഥാടകന്റെ പേര്,രാജ്യം,കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയവ കൊത്തിവയ്ക്കും. ഇന്ത്യ എന്ന് ഇംഗ്ലീഷിലും, അല്‍ഹിന്ദ് എന്ന് അറബിയിലും പ്രത്യേകം രേഖപ്പെടുത്തും. തീപിടിത്തമടക്കം ഉണ്ടായാലും നശിക്കാത്ത രീതിയിലാണ് ബ്രേസ്‌ലേറ്റ് സ്റ്റീലുകൊണ്ട് നിര്‍മിക്കുന്നത്.
പാസ്‌പോര്‍ട്ടിനും, ഐ.ഡി കാര്‍ഡിനും പ്രത്യേക കവറും കഴുത്തിലണിയാന്‍ ടാഗും നല്‍കും. ഇവയെല്ലാം ഓരോ തീര്‍ഥാടകനും വ്യത്യസ്തമാണെന്നതിനാല്‍ പാസ്‌പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഇവ തയാറാക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ഇവയുടെ പ്രവൃത്തികളും പൂര്‍ത്തിയാവും.
ജൂലൈ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുക. കേരളത്തില്‍ ഓഗസ്റ്റ് എട്ടിനാണ് സര്‍വിസ്. ഇതിനു ദിവസങ്ങള്‍ മുന്‍പ് തന്നെ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ ഹജ്ജ് ക്യാംപിലെ സെല്ലിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."