ബംഗാളിലെ സംഘര്‍ഷം: ഡല്‍ഹിയില്‍ ഏറ്റുമുട്ടി അമിത്ഷായും ഒബ്രെയ്‌നും
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റോഡ്‌ഷോയ്ക്കിടെയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും.
ഇന്നലെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച അമിത് ഷാ മമതാ ബാനര്‍ജി ബംഗാളില്‍ മനപ്പൂര്‍വം അക്രമമുണ്ടാക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇതിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍ അമിത് ഷാ നുണയനാണെന്നും പുറത്തു നിന്നുള്ള ഗുണ്ടകളുമായെത്തിയാണ് ബി.ജെ.പി ബംഗാളില്‍ അക്രമമുണ്ടാക്കുന്നതെന്നും പറഞ്ഞു.
കേന്ദ്രസേനയുണ്ടായതുകൊണ്ടാണ് താന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് അമിത്ഷാ പറഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തിന്റെ വായമൂടിക്കെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ആറു ഘട്ട തെരഞ്ഞെടുപ്പിലും ബംഗാളിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ അക്രമം കണ്ടിട്ടില്ല.
തൃണമൂല്‍ കോണ്‍ഗ്രസാണ് ഈ അക്രമങ്ങളുടെ പിന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മമത മത്സരിക്കുന്നത് വെറും 42 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ രാജ്യത്തെമ്പാടും മത്സരിക്കുന്നുണ്ട്. മെയ് 19ന് തെരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുവരുത്തണം. തൃണമൂല്‍ പണ്ഡിറ്റ് വിദ്യാസാഗറിന്റെ അര്‍ദ്ധകായ പ്രതിമ തകര്‍ത്തുവെന്നും ചില ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി അമിത്ഷാ കുറ്റപ്പെടുത്തി.
വിദ്യാസാഗറിന്റെ പ്രതിമയ്ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളുമായാണ് ഡെറിക് ഒബ്രെയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ അമിത്ഷായ്ക്ക് മറുപടി നല്‍കിയത്. അക്രമമുണ്ടാക്കുന്നത് ബി.ജെ.പിയാണെന്ന് മാത്രമല്ല അമിത് ഷാ നുണയനുമാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാകും. ബംഗാളികളുടെ അഭിമാനത്തിനാണ് മുറിവു പറ്റിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ തെരുവുകള്‍ അതിന്റെ ഞൈട്ടലിലാണെന്നും ഡെറിക് ഒബ്രെയ്ന്‍ പറഞ്ഞു.
സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാണ് അമിത് ഷാ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ശ്രമിക്കുന്നത്. പുറത്തു നിന്നുള്ള ഗുണ്ടകളുമായാണ് അമിത് ഷാ ബംഗാളില്‍ വരുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ എന്തു കാര്യം. ഡല്‍ഹിയില്‍ അക്രമമുണ്ടാക്കിയതിന് അറസ്റ്റിലായ ആളാണ് അമിത് ഷായ്‌ക്കൊപ്പം വന്ന തേജീന്ദര്‍ ബാഗ.
ബംഗാളിന്റെ ചരിത്രമറിയാത്ത അമിത് ഷായാണ് ഇവിടെ വോട്ടുപിടിക്കാന്‍ വരുന്നത്. നുണയനും രാജ്യദ്രോഹിയുമാണ് അയാള്‍. ടാഗോര്‍ ജനിച്ചത് ഭോല്‍പ്പൂരിലാണെന്ന് കുറച്ച് ദിവസം മുന്‍പാണ് അയാള്‍ പ്രസംഗിച്ചത്. ബി.ജെ.പി അതിക്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ തങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഒബ്രെയ്ന്‍ പറഞ്ഞു. ഈ തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. കേന്ദ്രസേന ബി.ജെ.പിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. കേന്ദ്രസേന ആളുകളോട് ബി.ജെ.പിയ്ക്ക് വേണ്ടി വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഒബ്രെയ്ന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."