എടച്ചേരിയില്‍ വീണ്ടും വീടിനുനേരേ കല്ലേറ്
എടച്ചേരി: രണ്ടു മാസത്തെ ഇടവേളക്കുശേഷം എടച്ചേരിയില്‍ വീണ്ടും സാമൂഹ്യദ്രോഹികളുടെ ശല്യം. ഇരിങ്ങണ്ണൂരിനടുത്ത് എടക്കുടി പള്ളിക്കു സമീപം എടക്കുടിക്കുനി അബ്ദുല്ലയുടെ വീടിനു നേരെയാണ് ഇന്നലെ രാത്രി കല്ലെറിഞ്ഞത്. വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
വീട്ടുകാര്‍ തൊട്ടടുത്ത കല്യാണ വീട്ടിലായിരുന്ന സമയത്താണ് കല്ലേറുണ്ടായത്. സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കല്ലേറെന്ന് നാട്ടുകാര്‍ പറയുന്നു. അബ്ദുല്ലയുടെ മകന് നഈം മുസ്ലിം യൂത്ത് ലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. നാദാപുരം പൊലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് എടച്ചേരി നോര്‍ത്തിലെ ലീഗ് നേതാവിന്റേതടക്കം ചില വീടുകളുടെ ചുവരും മതിലും കരിഓയില്‍ ഒഴിച്ചു വികൃതമാക്കിയിരുന്നു. ഇതിനെതിരേ എടച്ചേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ ഇവിടങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തിപ്പെടുത്തിയതല്ലാതെ പ്രതികളെ കണ്ടെത്താനായിരുന്നില്ല.
പൊലിസിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലിന്റെ അഭാവമാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് പൊതുജനങ്ങളെ ഭീതിയിലാക്കുന്ന സാമൂഹ്യദ്രോഹികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലിസ് ജാഗ്രത കാണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളായ ടി.കെ അഹമദ് മാസ്റ്റര്‍, എന്‍.കെ പ്രേംദാസ്, യു.പി മൂസ മാസ്റ്റര്‍, ചുണ്ടയില്‍ അമ്മദ്, ആര്.ടി ഉസ്മാന് മാസ്റ്റര്‍, അഷ്റഫ് ഇരിങ്ങണ്ണൂര്‍, വത്സരാജ് മണലാട്ട്, കളത്തില്‍ ഇബ്റാഹിം ,അബ്ദുല്ല എടച്ചേരി സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."