മധുവിന്റെ കുഞ്ഞുപെങ്ങള്‍ ഇനി പൊലിസ്
തൃശൂര്‍: ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇനി കേരളാ പൊലിസിന്റെ ഭാഗം.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ച ചന്ദ്രിക ഇന്നലെ പാസിങ് ഔട്ട് പൂര്‍ത്തിയാക്കി പൊലിസിന്റെ ഭാഗമായി. ചന്ദ്രികയുള്‍പ്പടെ 74 പേരാണ് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാമവര്‍മപുരം പൊലിസ് അക്കാദമയില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്നലെ പാസിങ് ഔട്ടില്‍ പങ്കെടുത്തത്.
2018 ഫെബ്രൂവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവം ദേശീയ തലത്തിലടക്കം ഏറെ വാര്‍ത്തയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മധു വീട്ടില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.
ഇവിടേക്കാണ് ആള്‍ക്കൂട്ടം ചെന്ന് ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും മധുവിന്റെ വീട്ടിലെത്തി കുടുംബത്തിന് പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. മധു കൊല്ലപ്പെട്ട് കൃത്യം ഒരു വര്‍ഷം തികയും മുമ്പ് തന്നെ ചന്ദ്രികയ്ക്ക് പൊലിസില്‍ നിയമനവും ലഭിച്ചു.
പരിശീലന ഘട്ടങ്ങളില്‍ മേലുദ്യോഗസ്ഥര്‍ ചന്ദ്രികയ്ക്ക് എല്ലാ മാനസിക പിന്തുണയും നല്‍കി. ചന്ദ്രികയുടെ അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറാണ്.
സഹോദരി സരസു അങ്കണവാടി വര്‍ക്കറും. അച്ഛന്‍ മല്ലന്‍ അസുഖം ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."