മണ്ഡലകാലത്ത് ശബരിമല ദര്‍ശനം അനുവദിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ പരിമിതമായ എണ്ണം ഭക്തരെ പ്രവേശിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടനം അനുവദിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. കൂടുതല്‍ വകുപ്പ് സെക്രട്ടറിമാരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. ഇതര സംസ്ഥാനങ്ങളില്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തണം.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയം നിശ്ചയിച്ചുനല്‍കും. കൊവിഡ് ബാധിതര്‍ തീര്‍ത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ആന്റിജന്‍ ടെസ്റ്റ് നടത്തും. മല കയറുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യവശം ആരോഗ്യവകുപ്പ് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."