അങ്ങേയറ്റം ലജ്ജാകരം; ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കമ്മിഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും ബി.എസ്.പിയും
കൊല്‍ക്കത്ത: നിശ്ചിത സമയത്തിനും മുന്‍പേ പ്രചാരണം അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.എസ്.പിയും. അങ്ങേയറ്റം ലജ്ജാകരം എന്നാണ് കമ്മിഷന്റെ നടപടിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ നാണംകെട്ട വീഴ്ചയാണ് ഇന്നലെ കണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും എതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം നല്‍കിയ തുടര്‍ച്ചയായ പരാതികള്‍ നടപടിയെടുക്കുന്നതില്‍ കമ്മിഷന്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇത്തരത്തില്‍ 11 പരാതികളാണ് കമ്മിഷനു മുന്നിലെത്തിയത്. ഒന്നിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ നരേന്ദ്രമോദിക്ക് റാലി നടത്താന്‍ അനുമതിനല്‍കുന്ന വിധത്തില്‍ പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ് കമ്മിഷന്‍ ചെയ്തിരിക്കുന്നത്- സുര്‍ജേവാല ആരോപിച്ചു.
നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സമ്മര്‍ദ്ദം കാരണമാണ് കമ്മിഷന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. മമതാ ബാനര്‍ജിയെ മോദിയും അമിത്ഷായും ഭയപ്പെടുകയാണ്. അതിനാല്‍ അവരെ മോദിയും അമിത്ഷായും ലക്ഷ്യംവയ്ക്കുകയാണ്. ഇതുവളര കൃത്യമായുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. വളരെ അപകടകരമായ നടപടിയാണിതെന്നും മായാവതി പറഞ്ഞു. മോദിക്ക് അദ്ദേഹത്തിന്റെ പ്രചാരണം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയാണ് കമ്മിഷന്‍ പ്രചാരണം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മായാവതി ആരോപിച്ചു.
കമ്മിഷന്റെ നടപടിയെ ഇന്നലെ മമതാ ബാനര്‍ജിയും അപലപിച്ചിരുന്നു. പ്രചാരണം അവസാനിപ്പിക്കാന്‍ മാത്രം ഗുരുതരമാണ് ബംഗാളിലെ അവസ്ഥയെങ്കില്‍ എന്തിനാണ് ഇന്നു രാത്രി വരെ കമ്മിഷന്‍ കാത്തിരുന്നത്? മോദി ഇന്നു ബംഗാളില്‍ പ്രസംഗിക്കുന്നത് കൊണ്ടാണോ? സാധാരണ പ്രചാരണ വിലക്കുകള്‍ തുടങ്ങുന്നത് വൈകീട്ട് അഞ്ചുമണിക്കാണ്. എന്നാല്‍, ബംഗാളില്‍ ഇത് രാത്രി പത്ത് മണിക്കായി. കാരണം വൈകീട്ട് ആറുമണിക്ക് ഡുംഡുമില്‍ മോദിയുടെ റാലിയുണ്ട് മമത ആരോപിച്ചു. ആര്‍.എസ്.എസിന് വേണ്ടിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."