കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം
കോഴിക്കോട്: അനിശ്ചിതത്വങ്ങളുടെ കടലിരമ്പങ്ങളെ വകഞ്ഞുമാറ്റി ഡോലിപ്പാട്ടിന്റെ താളവുമായി ലക്ഷദ്വീപ് സംഘം കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിനെത്തി. ഇന്നലെ വൈകിട്ട് മൂന്നിനാണ് കലോത്സവ നഗരിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജിലേക്ക് 21 അംഗ സംഘമെത്തിയത്. സര്‍വകലാശാല ഇ-സോണിലുള്‍പ്പെടുന്ന ലക്ഷദ്വീപിലെ കവരത്തി ബി.എഡ് കോളജില്‍ നിന്ന് അഞ്ചും ആന്ത്രോത്ത് പി.എം സഈദ് യൂനിവേഴ്‌സിറ്റി സെന്ററില്‍ നിന്നുള്ള 13 പേരുമാണ് സംഘത്തിലുള്ളത്.
കഴിഞ്ഞ മാസം 12ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും ലക്ഷദ്വീപിലെ സ്റ്റുഡന്റ് ഡീന്‍ താല്‍പര്യമെടുക്കാത്തത് കാരണമാണ് ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ നാലു വര്‍ഷമായി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ലക്ഷദ്വീപിലെ കലാകാരന്മാര്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഈ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഭാരവാഹികള്‍ നേരിട്ട് ലക്ഷദ്വീപിലെത്തി സ്‌ക്രീനിങ് നടത്തിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്. 60 വിദ്യാര്‍ഥികളില്‍ നിന്നായി 31 ഇനത്തില്‍ മത്സരിക്കാനായിരുന്നു ആദ്യം പട്ടിക തയാറാക്കിയിരുന്നത്. എന്നാല്‍ ഫണ്ട് ലഭിക്കാതത്ത് കാരണം പല വിദ്യാര്‍ഥികളും പിന്മാറുകയായിരുന്നു. ഗ്ലാമര്‍ ഇനങ്ങളായ കോല്‍ക്കളി, വട്ടപ്പാട്ട്, സംഘഗാനം, നാടോടി നൃത്തം, ലളിത ഗാനം എന്നിവയിലെ വിദ്യാര്‍ഥികളാണ് പിന്മാറിയത്. കലാനഗരിയിലെത്തിയ സംഘം ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മൈം, ഒപ്പന, മോണോആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, കൊളാഷ്, രംഗോലി, കഥാരചന, ഉപന്യാസം, പോസ്റ്റര്‍ നിര്‍മാണം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, എംബ്രോയിഡറി എന്നീ ഇനങ്ങളിലാണ് മാറ്റുരക്കുന്നത്.
സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയാണ് ഇവിടെയെത്തിയതെന്നും തിരിച്ചുപോകാനുള്ള തുക ഇതു വരെയും ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥി പ്രതിനിധികളായ നിജാസ് അഹമ്മദും ഇ.പി.ഐ നസറുള്ളയും 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇന്നലെ രാവിലെ ആറിന് കൊച്ചിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ആറു മണിക്കൂറോളം യാത്ര ചെയ്താണ് കോഴിക്കോട്ടെത്തിയത്. കപ്പലിലെ യാത്ര ദുഷ്‌കരമായിരുന്നു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ സ്റ്റുഡന്റ് ഡീന്‍ കബളിപ്പിക്കുകയായിരുന്നെന്നും ഇതിനാലാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കേണ്ടി വന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇവര്‍ക്കാവശ്യമായ താമസൗകര്യം വെസ്റ്റിഹില്‍ യൂത്ത് ഹോസ്റ്റലില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. കലാനഗരിയിലെത്തിയ സംഘത്തെ സ്വാഗതസംഘം കണ്‍വീനര്‍ ലിന്റോ ജോസഫ് ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ എ.കെ ബിജിത്ത്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ വിഷ്ണു പാലേരി, ടി. അതുല്‍, എം. അജയ്‌ലാല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."