എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലേക്ക് റോഡ് നിര്‍മിച്ച് വാട്‌സ് ആപ് കൂട്ടായ്മ
കാസര്‍കോട്: അധികൃതര്‍ക്ക് പരാതി നല്‍കാനും നിവേദനം നല്‍കിയും കാത്തിരിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലേക്ക് പുതിയ റോഡ് നിര്‍മിച്ച് വാട്‌സ് ആപ് കൂട്ടായ്മ. എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗയിലാണ് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 'സുദര്‍ശന' വാട്‌സ് ആപ് കൂട്ടായ്മറോഡ് വെട്ടിയത്. കുത്തനെയുള്ള കയറ്റവും മറ്റുമുള്ള സ്വര്‍ഗയില്‍ നിന്ന് മലത്തടുക്കയിലേക്കാണ് ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചും മനുഷ്യാധ്വാനവുമായി റോഡ് നിര്‍മിച്ചത്.
അധികൃതരെ അറിയിക്കാതെ നിര്‍മിച്ച റോഡ് കാണാനും റോഡ് നിര്‍മിച്ചവരെ അഭിനന്ദിക്കാനും കലക്ടറെത്തിയപ്പോഴാണ് പുറംലോകവും സ്വര്‍ഗയിലെ റോഡിനെകുറിച്ച് അറിഞ്ഞത്. ഒടുവില്‍ അഭിനന്ദിക്കാനെത്തിയ കലക്ടറുടെ വാഹനം ഓടിച്ച് റോഡിന്റെ ഉദ്ഘാടനവും നടന്നു.
സ്വര്‍ഗയില്‍ 30 ഓളം കുടുംബങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായുണ്ട്. റോഡില്ലാത്തതിനാല്‍ ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ചികിത്സക്കും മറ്റുമായി കുന്നിറങ്ങേണ്ട അവസ്ഥയിലായിരുന്നു. ഈ വിവരമറിഞ്ഞാണ് 'സുദര്‍ശന'വാട്‌സ് ആപ് ഗ്രൂപ്പ് ഈ ഭാഗത്തേക്ക് റോഡ് നിര്‍മിക്കാന്‍ തുനിഞ്ഞിറങ്ങിയത്.
200ഓളം പേര്‍ അംഗങ്ങളായുള്ള ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയാണ് പണം സ്വരൂപിച്ചത്. റോഡ് നിര്‍മാണത്തിനിറങ്ങിയപ്പോള്‍ റോഡിന് വേണ്ട സ്ഥലം ഓരോരുത്തരായി വിട്ടു കൊടുത്തു. പിന്നെ റോഡു പണി വേഗത്തിലായി. ജെ സി ബി കൊണ്ടുവന്ന് കുന്നിടിച്ചു.
റോഡ് നിര്‍മാണത്തിന് ഗ്രൂപ്പ് അംഗങ്ങള്‍ തന്നെ കൈക്കോട്ടുമായി ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനായില്ല. ഒരാഴ്ചകൊണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിച്ച് താഴെയുള്ള റോഡുമായി മലത്തടുക്കയെ ബന്ധിപ്പിച്ചു. വിവിധ ഗ്രൂപ്പുകളില്‍ റോഡ് നിര്‍മാണ വാര്‍ത്ത പ്രചരിച്ചപ്പോഴാണ് കലക്ടര്‍ കെ ജീവന്‍ ബാബു ഇന്നലെ രാവിലെ റോഡ് കാണാനെത്തിയത്.
കലക്ടര്‍ എത്തിയതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും തടിച്ചുകൂടി. കലക്ടര്‍ ജീവന്‍ ബാബു വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ അനുമോദിച്ചു. എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എ.എ ആയിഷ, ചന്ദ്രാവതി, നരസിംഹ പൂജാരി, മല്ലികെ ജെ റേ, റോഡിന് വേണ്ടി കൂടുതല്‍ സ്ഥലം നല്‍കിയ ഋഷികേശ്, വിവേകാനന്ദ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."