കുടിവെള്ളക്ഷാമം രൂക്ഷമായി: അധികൃതര്‍ നിസംഗത തുടരുന്നു
ബദിയടുക്ക: ജല സ്രോതസുകള്‍ വറ്റിവരണ്ട് ദാഹജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടിവെള്ള വിതരണത്തിന് ഫലപ്രദമായ നടപടി കൈകൊള്ളുന്നില്ലെന്ന് പരാതി.
അതിര്‍ത്തി പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ കിയോസ്‌ക് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം നിറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ബദിയടുക്ക, എന്‍മകജെ പോലുള്ള ചില പഞ്ചായത്തുകള്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസംഗത മനോഭാവം ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
എന്‍മകജെ പഞ്ചായത്തില്‍ കിയോസ്‌ക് ടാങ്കുകള്‍ എത്തിയെങ്കിലും അത് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം ഇഷ്ട പ്രകാരം ടെണ്ടര്‍ നല്‍കിയതും ഭരണ സമിതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. എന്‍മകജെ പഞ്ചായത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് വിപരിതമായി ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് പ്രതിഷേധത്തിന് വഴിവച്ചു.
കഴിഞ്ഞ ദിവസം എണ്‍മകജെ പഞ്ചായത്തില്‍ നടന്ന ഗ്രാമസഭയില്‍ കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി ബഹളമുണ്ടായിരുന്നു.ഒരാഴ്ചക്കുള്ളില്‍ കുടിവെള്ള വിതരണത്തിന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണാസമരം നടത്തുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."