ഇന്ധനക്ഷാമം; കെ.എസ്.ആര്‍.ടി.സി സര്‍വിസ് പ്രതിസന്ധിയില്‍
രാജപുരം: വരുമാനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ഇന്ധന നിയന്ത്രണത്തെ തുടര്‍ന്നുകടുത്ത പ്രതിസന്ധിയിലായി. മാനേജ്‌മെന്റിന്റെ നിരുത്തരപരമായ നിലപാടുകള്‍ക്കെതിരേ അനിശ്ചിതകാല ഉപവാസ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാര്‍. മലയോരത്തേക്കുള്ള സര്‍വിസുകളെല്ലാം താളം തെറ്റിയതോടെ മലയോര യാത്ര വഴിമുട്ടി.
കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍ കഴിഞ്ഞ 31നാണ് 12,000 ലിറ്റര്‍ ഡീസലെത്തിയത്. പിന്നീട് മൂന്നിനു 4000 ലിറ്റര്‍ എത്തി. പ്രതിദിനം വേണ്ടത് 5,000 ലിറ്റര്‍ ഡീസലാണ്. ഇന്ധനം റേഷനായതോടെ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂള്‍ വെട്ടിക്കുറക്കേണ്ട സ്ഥിതി വന്നു. ഇന്നലെ 4,000 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ചു 28 ഷെഡ്യൂളു കള്‍ നടത്തി.
ഉച്ചയാകുമ്പോഴേക്കും മുഴുവന്‍ ബസുകളും സര്‍വിസ് അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്കെത്തി. 62 ഷെഡ്യൂളുകളാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്നു സര്‍വിസ് നടത്തുന്നത്. ഇതില്‍ 58 എണ്ണം ക്യത്യമായി സര്‍വിസ് നടത്താറുണ്ട്. ജീവനക്കാരുടെ കുറവും മറ്റുമാണ് ചില ഷെഡ്യൂള്‍ ഒഴിവാക്കുന്നതിനു കാരണം. പ്രതിദിനം ഏഴേകാല്‍ലക്ഷം രൂപ വരുമാനമുള്ള ഡിപ്പോയാണിത്. കഴിഞ്ഞ 27നു 8.39 ലക്ഷം രൂപ വരുമാനം നേടി 101 ശതമാനമെന്ന കലക്ഷന്‍ റെക്കോര്‍ഡും നേടി .
കെ.എസ്.ആര്‍.ടി.സി ഷെഡ്യുള്‍ കുറച്ചതോടെ ഏറെ ബുദ്ധിമുട്ടിലായത് മലയോരവാസികളാണ്. മലയോരത്തെ മിക്കയിടങ്ങളിലേക്കും രാത്രികാലങ്ങളിലെ അവസാന ബസ് സര്‍വിസ് കെ.എസ്.ആര്‍.ടി.സിയാണ്. കുറച്ചു ദിവസങ്ങളായി ബസ് സര്‍വിസ് മുടങ്ങുന്നത് പതിവായതോടെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ഉയര്‍ന്നു.
കാഞ്ഞങ്ങാട്-ചിറ്റാരിക്കാല്‍, കാഞ്ഞങ്ങാട്-പാണത്തൂര്‍, കാഞ്ഞങ്ങാട്-കൊന്നക്കാട് സര്‍വിസുകള്‍ വെട്ടിക്കുറച്ചു. ബസുകളുടെ കുറവ് ഉള്‍നാടന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചു.
കാഞ്ഞങ്ങാട്ടുനിന്നു നീലേശ്വരം വഴി കയ്യൂര്‍, ബിരിക്കുളം, പരപ്പ, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും മുടങ്ങി.
പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണ് ഏക ആശ്രയം. കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ ചന്ദ്രഗിരി വഴിയുള്ള ബസുകളുടെ എണ്ണവും കുറച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."