വീടുകയറി സി.പി.എം സര്‍വേ: പ്രതിഷേധം ശക്തമാകുന്നു
പാനൂര്‍: ജില്ലയുടെ വിവിധഭാഗങ്ങളില്‍ സര്‍വേയെന്ന പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും വില്ലേജ് ഓഫിസില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സര്‍വേ നടത്തുന്നത്. ഇത്തരം വിവരശേഖരണം പ്രതിഷേധാര്‍ഹമാണെന്നും ഗവ. ഉദ്യോഗസ്ഥര്‍ നടത്തേണ്ട സര്‍വെ പാര്‍ട്ടി നടത്തുന്നതില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളതായും മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും ജനറല്‍ സെക്രട്ടറി വി.നാസറും ആരോപിച്ചു.പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ വീടുകളില്‍ കയറി സര്വേനടത്തുന്നവര് വീട്ടുകാരുടെ മൊബൈല്‍ നമ്പര്‍ ,വിദേശത്തുള്ളവര്‍ ,ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ ,മെരിറ്റല്‍ സ്റ്റാറ്റസ് ,വോട്ട് ചേര്‍ക്കല്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.
അനധികൃതമായി സി.പി.എം നടത്തുന്ന ഈ സര്‍വേക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലീഗ് നേതാക്കള്‍ മുന്നറിയിപ്പു നല്കി.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വീടുകള്‍ കയറി സി.പി.എം നടത്തുന്ന സര്‍വേ എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടരി കെ.പി.സാജു ആവശ്യപ്പെട്ടു.ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍വേ നടത്തുന്നത്.സര്‍ക്കാര്‍ ഏജന്‍സികളെന്ന് നടിച്ച് നടത്തുന്ന സര്‍വേ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നും ഇത്തരം വ്യാജ സര്‍വേകളില്‍ പൊതുജനം സഹകരിക്കരുതെന്നും സാജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."