യുവതികള്‍ പീഡനത്തിനിരയായ സംഭവം; വകുപ്പ് മന്ത്രി കോളനി സന്ദര്‍ശിക്കണം: പി.കെ ജയലക്ഷ്മി
വെള്ളമുണ്ട: വെള്ളമുണ്ട വാളാരംകുന്നില്‍ പീഡനത്തിനിരയായ ആദിവാസി സഹോദരിമാരെ പട്ടികവര്‍ഗവകുപ്പ് മന്ത്രി സന്ദര്‍ശിക്കണമെന്ന് മുന്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. പീഡനത്തിനിരയായ യുവതികള്‍ ഇപ്പോഴും ഭയത്തില്‍ നിന്നും മുക്തരായിട്ടില്ല. അടിയന്തരമായി ഇവര്‍ക്ക് കൗണ്‍സിലിങും സാമ്പത്തിക ധനസഹായവും സര്‍ക്കാര്‍ നല്‍കണം.
പൊലിസും പ്രതികളും ചേര്‍ന്ന് ഒത്തുകളിച്ചത് കൊണ്ടാണ് പീഡനവിവരം അറിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതിന് കാരണമെന്ന് ബോധ്യപ്പെട്ടതായി സ്ഥലം സന്ദര്‍ശിച്ച പി.കെ ജയലക്ഷ്മി പറഞ്ഞു. ഒറ്റപ്പെട്ടുകിടക്കുന്ന കോളനിക്കാര്‍ക്ക് ഇവരില്‍ നിന്നൊരു മോചനം സാധ്യമല്ലാതായിരിക്കുകയാണ്. ആദിവാസികള്‍ കൈവശം വച്ചുവരുന്ന ഭൂമി നിയമവിരുദ്ധമായാണ് കൃഷിക്കായി പ്രതികള്‍ കൈക്കലാക്കിയിരിക്കുന്നത്. സംഭവത്തില്‍ വെള്ളമുണ്ട എസ്.ഐയെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആദിവാസി വിദ്യാര്‍ഥികളെ ദുര്‍ഘട പ്രദേശങ്ങളില്‍ നിന്ന് സ്‌കൂളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതി പുതിയ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ നിരവധി ഊരുകളില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ കഴിയുന്നുണ്ട്. വാളാരംകുന്ന് കോളനിയിലും ഇങ്ങനെ നിരവധി കുട്ടികള്‍ സ്‌കൂളില്‍ പോകാത്തവരായുണ്ട്. ചെറുപ്രായത്തില്‍ തന്നെ പലരും കൂലിപ്പണിക്ക് പോകുകയാണ്. വീട്ടുകാരോടൊപ്പം ജോലിക്ക് പോകുന്ന പെണ്‍കുട്ടികളെ തൊഴിലുടമകളില്‍ നിന്ന് സംരക്ഷിക്കാന്‍ ആദിവാസികള്‍ ഏറെ പാടുപെടുന്ുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തുകയും വകുപ്പ് മന്ത്രി തന്നെ ഇവിടം സന്ദര്‍ശിച്ച് കോളനിക്കാരുടെ ക്ഷേമകാര്യങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ചാക്കോ വണ്ണംകുഴി, ലേഖാ പുരുഷോത്തമന്‍, പി നാസര്‍ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ടി.കെ മമ്മൂട്ടി, ഷാജി ജേക്കബ്, ബി.വി ബാലന്‍നായര്‍, സീതാ ബാലചന്ദ്രന്‍, എന്‍.ജെ ചാക്കോ, കെ മുരളീധരന്‍, കെ പത്മനാഭന്‍ എന്നിവരും പി.കെ ജയലക്ഷ്മിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."