ദുരിതക്കയറ്റത്തിന്റെ അവസാനത്തെ ഇരയായി സാജിത യാത്രയായി
ചങ്ങരംകുളം: കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റു മരണപ്പെട്ട സാജിത എന്ന വീട്ടമ്മയുടെ മരണത്തിന് പിന്നില്‍ വികസനം കടന്നു ചെല്ലാത്ത ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ കൂടിയുണ്ട്. ആലങ്കോട് പഞ്ചായത്തില്‍ അടിസ്ഥാന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന സ്ഥലമാണ് 12ാം വാര്‍ഡിലെ പാവിട്ടപ്പുറം എ.പി.ജെ നഗര്‍. ലക്ഷം വീട് കോളനി എന്ന പേരുകൊണ്ട് സമൂഹത്തില്‍ അപമാനിതരായ ഇവിടുത്തെ ജനങ്ങള്‍ ഒടുവില്‍ നാടിന്റെ പേര് വരെ മാറ്റി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം എ.പി.ജെ നഗറാക്കി. ഇതോടെ വികസനം കലാമിന്റെ മിസൈലുകളുടെ വേഗത്തില്‍ നടപ്പാക്കും എന്ന് കരുതിയ നാട്ടുകാര്‍ക്ക് പക്ഷേ തെറ്റി. പേരില്‍ വ്യത്യാസം വന്നതല്ലാതെ എ.പി.ജെ നഗറില്‍ മറ്റൊന്നും മാറിയില്ല. ഇന്നലെ യാത്രാ സൗകര്യത്തിന്റെ അഭാവം മൂലം എ.പി.ജെ നഗര്‍ സ്വദേശിനി സാജിത മരിച്ചതും ഈ ദുരിതം പേറിയായിരുന്നു.
സാജിതയുടേതടക്കം നിരവധി കുടുബങ്ങള്‍ താമസിക്കുന്ന ഇവിടെ വീടുകളിലേക്കുള്ള വലിയ കയറ്റവും തകര്‍ന്ന നിലയിലുമുള്ള വഴിയിലൂടെ വര്‍ഷങ്ങളായി വാഹനങ്ങള്‍ കയറാറില്ല. ഇന്നലെ കിണര്‍വലയില്‍ കുടുങ്ങിയ ഉഗ്രവിഷമുള്ള പാമ്പ് കഴുത്തിന് താഴെ കടിച്ച് മരണത്തോട് മല്ലടിച്ച സാജിതയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം കയറാത്തതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വന്നത്. മരണശേഷം മൃതദേഹവുമായി വന്ന ആംബുലന്‍സും ഈ ദുരിത കയറ്റം കയറാന്‍ പാടുപ്പെട്ടു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ സാധിച്ചിരുന്നെങ്കില്‍ സാജിതയെ ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും നിരവധി തവണ വാര്‍ഡ് മെമ്പറടക്കമുള്ള പഞ്ചായത്ത് പ്രധിനിധികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഈ ദുരിത വഴി ശരിയാക്കാനുള്ള നടപടി എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ ഉയര്‍ന്ന നിരപ്പില്‍ താമസിക്കുന്ന നിരവധി കുടുബങ്ങള്‍ പാവിട്ടപ്പുറം എ.പി.ജെ നഗറിലും സമീപ പ്രദേശത്തും ഉണ്ട്. കിടപ്പിലായ രോഗികളും വൃദ്ധരും ഉള്ള കുടുബങ്ങള്‍ക്ക് ഭീഷണിയാണ് ഇത്തരം ദുരിത കയറ്റങ്ങള്‍. സാജിതയുടെ മരണത്തോടെ എ.പി.ജെ നഗറിലെ അടിസ്ഥാന സൗകര്യത്തിന്റെ കുറവുകള്‍ കാണിച്ച് ശക്തമായ സമരത്തിനൊരുങ്ങുകയാണ് എ.പി.ജെ നഗര്‍ നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."