വാ തുറക്കാതെ നേതാക്കള്‍; ഉള്‍വലിഞ്ഞ് സൈബര്‍ പോരാളികള്‍
തിരുവനന്തപുരം: മന്ത്രിമാര്‍ മുതല്‍ വനിതാ നേതാക്കള്‍വരെ പി.കെ ശശി എം.എല്‍.എക്കു രക്ഷയൊരുക്കുമ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ മുഖംനഷ്ടപ്പെട്ട് സി.പി.എം. ശശിക്കെതിരേ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിക്കു നല്‍കിയ പീഡന പരാതിയില്‍ കൂടുതല്‍ പ്രതികരണത്തിനു നില്‍ക്കാതെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ ഒഴിഞ്ഞുമാറുകയാണ്.
എം.എല്‍.എക്കെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ മാത്രമാണ് നിലപാട് വ്യക്തമാക്കിയത്. പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയത്. താന്‍ എന്തു പറഞ്ഞാലും വിവാദമാകുമെന്നും പക്ഷം പിടിക്കാനില്ലെന്നുമായിരുന്നു ശൈലജയുടെ മറുപടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രസ്താവനകളുമായി രംഗത്തിറങ്ങാറുള്ള സി.പി.എം വനിതാ, യുവജന നേതാക്കളെല്ലാം ഈ വിഷയത്തില്‍ മൗനത്തിലാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി വീറോടെ പൊരുതിയിരുന്ന സൈബര്‍ പോരാളികളും ശശി വിഷയത്തോടെ പിന്‍വലിഞ്ഞിട്ടുണ്ട്. പരാതിയില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നു പ്രതികരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിനും പരിഹാസത്തിനുമാണ് ഇരയാകുന്നത്. ഇതോടെ വിശദീകരണവുമായി വാര്‍ത്താക്കുറിപ്പിറക്കി മുഖം രക്ഷിക്കാന്‍ വനിതാ കമ്മിഷന്‍ ശ്രമം നടത്തി.
തെറ്റുകുറ്റങ്ങള്‍ മാനുഷികമാണെന്ന അഭിപ്രായം കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനോ അവഗണിക്കാനോ ഉള്ള പ്രസ്താവനയല്ലെന്നും ഏതൊരു കുറ്റകൃത്യവും ഗൗരവമര്‍ഹിക്കുന്നതാണെന്നുമാണ് പ്രസ്താവനയില്‍ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കിയത്. പരാതികള്‍ക്കു നിയമപരമായ പരിഹാരം കാണാനുള്ള കരുത്ത് സ്ത്രീകള്‍ക്കു പകര്‍ന്നുനല്‍കുന്നതിനു വനിതാ കമ്മിഷന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.
ശശിക്കെതിരായ പരാതി സംബന്ധിച്ച് പാര്‍ട്ടി നിലപാടില്‍ സാധാരണ സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ പോയതു സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവവും നിഴലിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."