അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മുഴങ്ങല്ലൂര്‍ അങ്കണവാടിക്ക് സ്ഥിരം കെട്ടിടമാകുന്നു
കൊണ്ടോട്ടി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ഒറ്റമുറിയില്‍ കഴിഞ്ഞിരുന്ന മുഴങ്ങല്ലൂര്‍ അങ്കണവാടിക്ക് പുതിയ കെട്ടിടമാകുന്നു. പുളിക്കല്‍ പഞ്ചായത്തിലെ ആല്‍പ്പറമ്പ് മുഴങ്ങല്ലൂര്‍ അങ്കണവാടിക്കാണ് സമീപത്ത് തന്നെ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് സ്ഥിരം കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിലേക്ക് മാറാനുളള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ പഠിക്കുന്ന മുഴങ്ങല്ലൂര്‍ അങ്കണവാടി വാടക കെട്ടിടത്തില്‍ ഇടുങ്ങിയ മുറിയിലാണ് പ്രവൃത്തിച്ചിരുന്നത്. 55 കുട്ടികളുളള അങ്കണവാടിയില്‍ ഒറ്റമുറിയിലാണ് പഠനവും വിശ്രമവും. വിദ്യാര്‍ഥികള്‍ക്കുളള ഭക്ഷണ സാധനങ്ങളും മറ്റും സൂക്ഷിക്കാനും ഇവിടെ അടച്ചുറപ്പുളള മുറിയില്ല. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് പ്രദേശം. കുട്ടികളെത്തുന്നതിന് മുമ്പ് ക്ലാസ് മുറിയില്‍ നിന്ന് വിഷപ്പാമ്പിനെ വരെ കണ്ടെത്തിയിരുന്നു.
മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ പരിതാപകരമായ അവസ്ഥ നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് സമീപത്തെ സ്‌കൂളിലേക്ക് പ്രവര്‍ത്തനം മാറ്റി.
സ്‌കൂളിലെ പരിമതമായ സ്ഥലത്താണ് അങ്കണവാടി പ്രവൃത്തിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായെങ്കിലും സ്ഥലം ലഭ്യമാക്കാനായില്ല. ഇതോടെയാണ് പ്രദേശവാസിയായ സി.കെ ചേക്കുമമ്മദ് ഹാജി തന്റെ ഉടമസ്ഥതയിലുളള മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറായത്. സ്ഥലം ലഭിച്ചതോടെ കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."