ഹൈവേ പൊലിസിന്റെ മുഖംമിനുക്കുന്നു
ചെലവ് 33 കോടി
തിരുവനന്തപുരം: അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ഹൈവേ പൊലിസിന്റെ മുഖംമിനുക്കുന്നു.
മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിങ് വാഹനങ്ങള്‍, ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, മിനിബസുകള്‍, എ.ബി.എസ് സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവ ഉടന്‍ ഹൈവേ പൊലിസിന്റെ ഭാഗമാകും. അമിതവേഗതയും അശ്രദ്ധയും മൂലമുള്ള അപകടങ്ങളും ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തുകളും വാഹനം തടഞ്ഞുള്ള കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് 33 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഒന്നാംഘട്ടമായി മൊബൈല്‍ ഡാറ്റാ ടെര്‍മിനലടക്കമുളള സൗകര്യങ്ങളോടുകൂടിയ 10 പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കും.
വാഹനാപകടങ്ങളും മറ്റുമുണ്ടായ സ്ഥലം മൊബൈല്‍ ഡാറ്റാ ടെര്‍മിനലിന്റെ സഹായത്തോടെ കൃത്യമായി തിരിച്ചറിഞ്ഞ് അതിവേഗം രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ കഴിയുമെന്നതാണ് ഈ പട്രോളിങ് വാഹനങ്ങളുടെ പ്രത്യേകത. സ്‌ട്രെച്ചര്‍, ലൈറ്റ് ബാറുകള്‍, റിഫ്‌ളക്ടീവ് സിഗ്‌നലുകള്‍, സ്പീഡ് റഡാറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഈ വാഹനങ്ങളിലുണ്ടാവും.
അപകട സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സഹായിക്കാനാണ് അത്യാധുനിക സൗകര്യങ്ങളുള്ള ക്രെയിനുകള്‍ എത്തുന്നത്. റോഡുകളില്‍ കുടുങ്ങുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ മിനിബസുകളും ആധുനിക ആംബുലന്‍സുകളും ഉപയോഗിക്കും. എ.ബി.എസ് സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ ഹൈവേ നിരീക്ഷണത്തിനും മറ്റും സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."