നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു
ഈരാററുപേട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. രൂക്ഷമായ വില വര്‍ധനവു കാരണം കച്ചവടം കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. പലച്ചരക്കിനും പിന്നാലെ മീന്‍, ഇറച്ചി വിലയും കുതിച്ചുയരുകയാണ്.
വിലക്കയറ്റം മൂലം ഈ മാസം അവസാനമെത്തുന്ന റമദാന് നോമ്പ് സാധാരണക്കാരെ ദുരിതത്തിലാക്കും. കുത്തരിക്ക് 47 രുപയും പച്ചരിക്ക് 32 രുപയുനാണ് വില. പയറിന് 90 രുപയും കടലയ്ക്ക് 85 രുപയും പഞ്ചസാരയ്ക്ക് 45 രുപയും എത്തിനില്‍ക്കുന്നു. ബ്രോയിലര്‍ ചിക്കന്‍ വില 110 രൂപയിലെത്തി. നാടന്‍ കോഴിയിറച്ചിക്ക് 190 രൂപ നല്‍കണം. ആട്ടിറച്ചിക്ക് 500 രൂപയാണ്. മാട്ടിറച്ചിക്ക് 260 രൂപയും. ചെറുമീനുകള്‍ കിട്ടാനേ ഇല്ലാത്ത അവസ്ഥയാണ്.
സാധാരണരീതിയില്‍ ട്രോളിങ് നിരോധന കാലത്താണ് സംസ്ഥാനത്ത് മീന്‍ ക്ഷാമം രൂക്ഷമാകുന്നതും വില ഉയരുന്നതും. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മത്സ്യലഭ്യതയെ ബാധിച്ചതോടെ ഉയര്‍ന്ന് വില നല്കി മീന്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇതോടെ ചെറുമീനുകളെ കടലിലേക്കു തിരികെ കളഞ്ഞിരുന്ന പതിവുമാറി, അവയെ തൂത്തുവാരി മാര്‍ക്കറ്റില്‍ എത്തിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
അതേസമയം പച്ചക്കറിയ്ക്ക് വിലക്കുറവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പഴവര്‍ഗങ്ങളുടെ വില ഉയരുന്ന കാഴ്ചയാണുള്ളത്. ആപ്പിളിനു 150 രൂപയും മുന്തിരിക്ക് 100 രൂപയുമാണ് കിലോയ്ക്ക് വില. വാഴപ്പഴത്തിനു 60 രൂപയും ഏത്തക്കയ്ക്ക് 55രൂപയുമാണ് വിപണിവില. രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ റമദാന് വിപണി ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."