ബാബരി: മുസ്‌ലിം ലീഗ് സ്വീകരിച്ചത് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടെന്ന് കാലം തെളിയിച്ചു: മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം.പി
കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിം ലീഗ് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിലപാടിന് ശേഷം ലീഗ് വളരുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാബരി വിഷയത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ ലീഗെടുത്ത നിലപാടിനെ വിമര്‍ശിക്കുന്നത് ഖേദകരമാണ്. ലീഗെടുത്ത നിലപാടിലേക്ക് പിന്നീട് എല്ലാവരും എത്തുന്ന കാഴ്ചയാണ് കാണുന്നത്. ലീഗിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാണ് അന്നും ഇന്നും ലീഗ് സ്വീകരിച്ച നിലപാട്. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിന് വേണ്ടി കൈ പൊക്കാമെന്നാണ് നിലവിലെ സിപിഎമ്മിന്റെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.കഴിഞ്ഞ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതമാണ് നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്ദാനം.
യുവജനങ്ങള്‍ക്ക് ജോലി ലഭിക്കാത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നപ്പോള്‍ രക്ഷയില്ലാതെയാണ് പുതിയ പ്രഖ്യാപനം.
ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും അഞ്ചുകൊല്ലം നടക്കാത്തത് എങ്ങനെയാണ് നൂറ് ദിവസം കൊണ്ട് നടക്കുകയയെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."