കുട്ടികളുടെ സംരക്ഷണാവകാശത്തിന് പിതാവിനെ ലൈംഗിക ചൂഷണത്തിന്റെ കുരിശില്‍ തറയ്ക്കുന്നു
കൊച്ചി: കുട്ടികളുടെ സംരക്ഷണാവകാശം അമ്മയ്ക്ക് ലഭിക്കാന്‍ പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന രീതിയിലുള്ള വ്യാജ പരാതികള്‍ കൂടുന്നു. ഇതു ചൂണ്ടിക്കാണിച്ചത് ഹൈക്കോടതി തന്നെയാകുമ്പോള്‍ പ്രശ്‌നത്തെ ഗൗരവതരമായാണ് നിയമവിദഗ്ധരും കാണുന്നത്.
കേരളാ പൊലിസിന്റെ രേഖയനുസരിച്ച് 2008 മുതല്‍ 2019 വരെയുള്ള കാലത്ത് കുട്ടികള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. 2008ല്‍ 549 കേസാണുണ്ടായിരുന്നതെങ്കില്‍ 2018ല്‍ അത് 4008 ആയി ഉയര്‍ന്നിരിക്കുന്നു.
ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷമമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കുഞ്ഞിന്റെ സംരക്ഷണാവകാശ തര്‍ക്കം കൂടുമ്പോഴാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം (പോക്‌സോ) കൂടുതലായി ദുരുപയോഗം ചെയ്യുന്നതെന്നാണ് ഹൈക്കോടതി വിലയിരുത്തല്‍.
പോക്‌സോ നിയമം അനുസരിച്ച് പിതാവിന്റെ പേരില്‍ കേസ് എടുത്തതുകൊണ്ടുമാത്രം ലൈംഗിക ചൂഷണം നടന്നതായി ഹൈക്കോടതികള്‍ കണക്കാക്കരുതെന്നും കേസിലെ സാഹചര്യം കൂടുതല്‍ മനസിരുത്തി വിലയിരുത്തിയില്ലെങ്കില്‍ പിതാവ് വ്യാജ പരാതിയുടെ ഇരയാകുമെന്നും കോടതി നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
കുഞ്ഞിന്റെ സംരക്ഷണത്തിന് ന്യായമായി പിതാവിനുള്ള അവകാശം നിഷേധിക്കാനുള്ള കെണിയല്ല ആരോപണമെന്ന് ഉറപ്പാക്കാന്‍ കുടുംബ കോടതികള്‍ക്ക് ബാധ്യതയുണ്ട്.
പൊലിസിന്റെ അന്വേഷണ വിവരവും കേസിലെ വസ്തുതകളും പരിശോധിക്കുന്നതിലൂടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കുമെന്നും നിര്‍ദേശമുണ്ട്.
കുടുംബതര്‍ക്ക കേസുകളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കുടുംബകോടതികള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമായിരുന്നു ഹൈക്കോടതി പ്രധാനമായും മുന്നോട്ടുവെച്ചത്.
മലപ്പുറത്തുകാരനായ വ്യക്തിക്കെതിരെ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ അമ്മവീട്ടുകാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ.ഹരിലാലും ജസ്റ്റിസ് ടി.വി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഈ നിര്‍ദേശം.
അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഒറ്റപ്പാലം കുടുംബകോടതിയുടെ നടപടി ശരിവെച്ച ഹൈക്കോടതി അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കോടതിയില്‍ വെച്ച് കാണാനുള്ള അനുമതിയും നല്‍കിയിരുന്നു.
കുടുംബകോടതിയില്‍ നാലുവര്‍ഷം മുന്‍പ് കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഹരജി വന്നപ്പോള്‍ കുഞ്ഞിന് രണ്ട് വയസ്സായിരുന്നു. എന്നാല്‍ കുട്ടി ലൈംഗികചൂഷണത്തിന് ഇരയായെന്ന പരാതിക്ക് തെളിവ് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കുട്ടിയ്‌ക്കെതിരെ അച്ഛന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."