ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്ഥരില്ല പരിശോധനകള്‍ പ്രഹസനമാകുന്നു
ഒലവക്കോട്: ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജില്ലയില്‍ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കിള്‍ ഓഫീസുകളില്‍ ഒന്‍പത് സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരില്ല. മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.
മറ്റ് ഒന്‍പത് ഓഫീസുകളിലും ഈ മൂന്ന് പേര്‍ക്ക് തന്നെയാണ് അതികച്ചുമതല. അതുകൊണ്ട് തന്നെ ഈ 12 ഓഫീസുകളുടെയും പ്രവര്‍ത്തനം യഥാവിധി നടക്കുന്നില്ല. സംസ്ഥാനത്തെ വിസ്തീര്‍ണം കൂടിയ ജില്ലകളിലൊന്ന് എന്ന നിലയിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചേരുന്ന ചെക്കുപോസ്റ്റുകളില്‍ പ്രധാനപ്പെട്ട വാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പെടുന്ന ജില്ലയായ പാലക്കാടിന്റെ അവസ്ഥയാണിത്.
12 സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരുണ്ടായാലും മുഴുവന്‍ ഭാഗങ്ങളിലേയും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ജില്ലയുടെ ശാസ്ത്രീയമായ ഭൂപ്രകൃതികാരണം ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പത്തിലൊരു തവണയെങ്കിലും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
ഇത് അറിയാവുന്ന മാഫിയകള്‍ക്ക് വിഷാംശം കലര്‍ന്ന പച്ചക്കറികളും, മായം ചേര്‍ത്ത പലവ്യഞ്ജനങ്ങളും യഥേഷ്ടം കേരളത്തിലേക്ക് കൊണ്ടുവരികയും വിപണനം ചെയ്യുകയും ചെയ്യുന്നു. കേരളത്തിലെ പൊതു വിപണിയില്‍ ഇടപെടുന്ന ഹോര്‍ടികോര്‍പ്പിനും മുപ്പതില്‍ പരംപച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരേണ്ടത്.
ഈ പച്ചക്കറികള്‍ കേരളത്തില്‍ വ്യാപാരാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കപ്പെടാത്തവയാണ്. സുരക്ഷാ പരിശോധനയുടെ അപര്യാപ്തത കാരണം നിരവധി പരാതികളാണ് ദിനംപ്രതി ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഇവയൊന്നും വേണ്ടവിധം അന്വേഷിക്കാനോ നടപടിയെടുക്കാനോ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ 80 ശതമാനം മുതല്‍ 85 ശതമാനം വരെ മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഈ നോമ്പ് സമയങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന പഴവര്‍ഗങ്ങള്‍ മുഴുവന്‍ ആകര്‍ഷകമായ രീതിയില്‍ വര്‍ണങ്ങള്‍ നല്‍കുവാനും കേടുകൂടാതിരിക്കുവാനും രാസപദാര്‍ത്ഥങ്ങളില്‍ മുക്കുകയും ഇന്‍ജെക്ഷന്‍ കുത്തിവെച്ചും ആണ് എത്തിച്ചിരുന്നത്.
ഭീമമായ വില നല്‍കിയാണ് ഇത്തരം വിഷാംശം അടങ്ങിയവയാണ് നാം ഉപയോഗിച്ചിരുന്നത്. അവ വേണ്ടവിധം പരിശോധിച്ചിരുന്നെങ്കില്‍ നമുക്ക് ഈ വിഷാംശം കഴിക്കേണ്ടി വരുമായിരുന്നില്ല.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കേരളത്തിന്റെ കംബോളങ്ങളിലെത്തിച്ച് കൊള്ളവിലക്ക് വിറ്റ് അമിതലാഭം കൊയ്യുന്ന മാഫിയകളെ കടിഞ്ഞാണിടേണ്ട ഭരണകൂടം ഇനിയെങ്കിലും കണ്ണുതുറന്നില്ലെങ്കില്‍ കേരളത്തില്‍ അറിയപ്പെടാത്ത ഒരുകൂട്ടം രോഗികളുടെ നാടായി ദൈവത്തിന്റ സ്വന്തം നാട് മാറിപ്പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."