കൊലക്കയറിന്റെ നിഴലില്‍ നിന്നൊരു കത്ത്
1921 ലെ മലബാര്‍ സമരകാലത്ത് അനേകം പേരെ സേലത്തേക്കും ആന്തമാനിലേക്കും ബെല്ലാരിയിലേക്കുമൊക്കെ നാടുകടത്തിയിട്ടുണ്ട്. അങ്ങനെ നാടുകടത്തപ്പെട്ടവരില്‍ ഒരാളായിരുന്നു വേങ്ങരയിലെ കുറ്റൂര്‍ സ്വദേശിയായിരുന്ന അരീക്കന്‍ മൊയ്തീന്‍. സേലം ജയിലില്‍ അടക്കപ്പെട്ട മൊയ്തീന്‍, നാട്ടിലെ പൗരപ്രധാനിയായിരുന്ന എടത്തോള കുഞ്ഞാലി സാഹിബിന് എഴുതിയതാണ് ഈ കത്ത്. ഒമ്പത് പതിറ്റാണ്ടിലേറെക്കാലം പിന്നിട്ടിട്ടും ധീരനായ ഒരു പോരാളിയുടെ വിസ്മരിക്കാനാവാത്ത ചരിത്രരേഖയായി ഇത് ഇന്നും നിലനില്‍ക്കുന്നു. തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കണ്ണീരും വേദനയും ചാലിച്ചെഴുതിയ കത്തിലെ ഓരോ വരികളും സ്വാതന്ത്ര്യസമരകാലത്തെ ജയിലുകളുടേയും തൂക്കുമരത്തിന്റേയും ചോര ചിന്തുന്ന കഥ പറയുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലമാണ് വീണ്ടെടുക്കപ്പെട്ട ആ വരികളിലൂടെ അനാവൃതമാകുന്നത്. അക്കാലത്തെ ഭാഷയും ജീവിതചുറ്റുപാടുകളും കത്ത് വെളിപ്പെടുത്തുന്നുണ്ട്.
ചോര പുര@ അധ്യായങ്ങള്‍
ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രങ്ങളാണ് കത്തിലെ ഭാഷയും സംബോധനരീതിയും അടയാളപ്പെടുത്തുന്നത്. ജന്‍മി കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ആചാരമര്യാദകളുടെ പ്രതിഫലനമാണ് കത്തിലെ സംബോധനരീതി. 'കൈയ്യും കാലും പിടിച്ചു മുത്തി മണത്തു' എന്ന പ്രയോഗം ഇന്ന് നിലവിലില്ലാത്തതാണ്. നേരത്തെ അയച്ച കത്ത് കിട്ടി വായിച്ച വിവരമാണ് സംബോധനക്ക് ശേഷം കത്തില്‍ എഴുതിയിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ച് പത്താംമാസം എട്ടാം തിയതി വ്യാഴാഴ്ച നിങ്ങള്‍ എഴുതി അയച്ച കത്ത് പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ഇവിടെ കിട്ടി വായിച്ചു. ഞാനും ബാക്കിയുള്ള 22 ആളും കൂടിയാണ് വായിച്ചത്. ഞാന്‍ കൂടാതെ ഇവിടെയുള്ള 22 ആളും ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് ഈ പറയുന്ന താലൂക്കുകാരാണ്. ഈ വിവരണത്തോടെ തുടങ്ങുന്ന കത്തില്‍ തടവുകാരെ പാര്‍പ്പിച്ച പതിമൂന്നു ജയിലുകളുടെ പേരുവിവരങ്ങളും വിശദീകരിച്ചിട്ടുണ്ട്. 1. ആന്തമാന്‍ 2. മദിരാശി 3. ബെല്ലാരി ക്യാംപ് 4. സെന്‍ട്രല്‍ ജയില്‍ 5. രാജമന്ത്രി 6. കോറപ്പറ്റ 7. ചേലം (സേലം) 8. തൃശ്ശിനാപ്പള്ളി 9. കടലൂര്‍ 10. തഞ്ചാവൂര്‍ 11. കോയമ്പത്തൂര്‍ 12. വേലൂര്‍ 13. കണ്ണന്നൂര്‍. പാളയംകോട്, സിങ്കല്‍പേട്ട ജയിലുകളില്‍ കുട്ടികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൂക്കുകയറിന്റെ ചോര പുരണ്ട അധ്യായങ്ങള്‍ കത്തില്‍ നിന്നു വായിച്ചെടുക്കാനാവും. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി കല്‍ത്തുറുങ്കിലടക്കപ്പെട്ട മലബാറിലുള്ള ധീരപോരാളികളുടെ വീരുറ്റ ചരിത്രമെഴുത്തു കൂടിയാണ് ഈ കത്ത്. മുസ്‌ലിംകളെ തൂക്കാന്‍ വിധിച്ച കൂട്ടത്തില്‍ നിന്ന് ഞാന്‍ വന്നതിനു ശേഷം ഈ ജയിലിലെ 20 ആളുകളെ തൂക്കിലേറ്റി. തൂക്കിലേറ്റുന്ന ദിവസം രാവിലെ അഞ്ച് മണിക്ക് ചേലത്തുള്ള മുസ്‌ലിംകള്‍ വണ്ടികളേയും കുതിരകളേയും ചമയിച്ചതുമായി വന്നു. ആ ചമയിച്ച കുതിരവണ്ടികളില്‍ തടവുകാരുടെ ജഡങ്ങള്‍ കൊണ്ടുപോകാറുണ്ടെന്ന് കത്തിലെഴുതിയിട്ടുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു വന്ന തടവുകാരന്‍ കുഞ്ഞറമുട്ടികാക്കയും അഹമദ്കുട്ടി ഹാജിയും അവിടെയുണ്ടെന്ന വിവരവും കത്തിലൂടെ അറിയിക്കുന്നുണ്ട്.
സമര പോരാട്ടത്തിന്റെ ഓര്‍മ
ജയില്‍ അനുഭവത്തോടൊപ്പം തന്നെ നാട്ടിലെ വിശേഷങ്ങളും കത്തിലൂടെ മൊയ്തീന്‍ ആരായുന്നുണ്ട്. ഉമ്മയുടെ വിവരം പ്രത്യേകം അന്വേഷിച്ച കത്തില്‍ കലക്ടര്‍ക്ക് പ്രത്യേകം ഹരജി കൊടുത്ത് ചിലര്‍ ജയില്‍ മോചിതരായിട്ടുണ്ടെന്ന വിവരവും അതിനായി ഉമ്മയെക്കൊണ്ടും ഭാര്യയെക്കൊണ്ടും ഹരജി കൊടുപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്നും മൊയ്തീന്‍ ആവശ്യപ്പെടുന്നു. മമ്പുറത്തെ മുക്രി മൊയ്തീന്‍കുട്ടി നിങ്ങളോട് സലാം പറഞ്ഞിരിക്കുന്നു എന്ന വരിയോടെയാണ് കത്ത് അവസാനിക്കുന്നത്.
മലബാറില്‍ പ്രക്ഷോഭം നടന്ന് നാലു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ജയിലില്‍ നിന്ന് ഈ കത്തെഴുതുന്നത്. 1921 ലെ പ്രക്ഷോഭത്തിന്റെ പേരില്‍ 1925 ന്റെ അവസാനത്തിലും ആളുകള്‍ തൂക്കിലേറ്റപ്പെട്ടിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏതൊരു പ്രക്ഷോഭത്തിന്റെ കടുപ്പവും ചോര്‍ന്നു പോകാന്‍ നാല് വര്‍ഷങ്ങള്‍ ധാരാളമാണ്. പക്ഷെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും മലബാര്‍ പോരാട്ടത്തിന്റെ രക്തസാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരുന്നുവെന്നത് ആ പോരാട്ടത്തിന്റെ അതിതീക്ഷ്ണതയും വീര്യവുമാണ് അടയാളപ്പെടുത്തുന്നത്. പൂക്കോട്ടിരില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നും പന്താരങ്ങാടിയില്‍ നിന്നും തുടങ്ങി മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ ഒരു പ്രതിനിധി മാത്രമാണ് അരീക്കന്‍ മൊയ്തീന്‍. സേലത്തും ബെല്ലാരിയിലും അന്തമാനിലുമുള്ള ജയിലറകളില്‍ അവരുടെയല്ലാം ധീരോത്തമായ ഓര്‍മകള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ആ ഓര്‍മകളുടെ ബാക്കിപത്രമാണ് എടത്തോളഭവനത്തില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ഈ കത്തും.
എടത്തോള ഭവനമെന്ന ചരിത്ര വിട്
അതിരാവിലെകളില്‍ തൂക്കുമരത്തിന്റെ ഞരക്കങ്ങള്‍ കേട്ടുണരുന്ന ഒരു സമര പോരാളിയുടെ അക്ഷരങ്ങള്‍ കനലെരിയുന്ന പ്രക്ഷോഭകാലത്തേക്കുള്ള വഴികാട്ടി കൂടിയാണ്. മലബാര്‍ സമരത്തിന്റെ ഭീതിതമായ ചരിത്രത്തെക്കുറിച്ചോ അതില്‍ പങ്കാളികളായ പൂര്‍വ്വികരെക്കുറിച്ചോ സ്വതന്ത്ര്യലബ്ധിക്കു ശേഷവും വേണ്ടത്ര രൂപത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും നടന്നിട്ടില്ല. കുറ്റൂര്‍ സ്വദേശിയായ അരീക്കന്‍ മൊയ്തീനെ പോലെയുള്ള എത്രയോ ധീരന്‍മാര്‍ ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ടാവും. വിസ്മൃതിയുടെ കരിംപടങ്ങള്‍ എടുത്തുമാറ്റി ചരിത്രത്തെ വീണ്ടെടുക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. അങ്ങനെയുള്ള ഈടുവയ്പ്പുകളിലേക്ക് വഴിവെട്ടുകയാണ് എടത്തോള ഭവനത്തിലെ അനേകം ശേഖരങ്ങളിലൊന്നായ ഈ കത്ത്.
മാപ്പിള-മലബാര്‍ ചരിത്രശേഷിപ്പുകളുടെ ബാക്കി പത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഭവനം ആണ് എടത്തോള പൈതൃക ഭവനം. മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കുറ്റൂരിലുള്ള അമൂല്യ ഗ്രന്ഥങ്ങളുടേയും കൈയെഴുത്തുപ്രതികളുടേയും വന്‍ശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു മുസ്‌ലിം ഭവനമാണ് എടത്തോള പൈതൃക ഭവനം. 1862- ലെ താളിയോലയിലെഴുതിയ ആധാരങ്ങള്‍, ബ്രിട്ടീഷ് ഗസറ്റുകള്‍, 1700 മുതല്‍ 1900 വരെയുള്ള അറബി-മലയാളം, തമിഴ്-അറബി ഗ്രന്ഥങ്ങളുടെ ശേഖരം എന്നിവ ഈ പൈതൃക ഭവനത്തിലുണ്ട്. 1869 ല്‍ കൂളിപ്പുലാക്കല്‍ കുഞ്ഞുമൊയ്തു അധികാരിയാണ് ഈ ഭവനം നിര്‍മിച്ചത്. ഈ ഭവനത്തില്‍ സൂക്ഷിക്കപ്പെട്ട, 1869 ല്‍ മായന്‍കുട്ടി എളയ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷയുടെ പ്രതിയും ഇവിടെ സൂക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ അപ്രകാശിത രചനകളും ഈ ഗ്രന്ഥശേഖരത്തിലുണ്ട്. എടത്തോള അബദുല്‍ ഗഫൂര്‍ ആണ് ഈ ഭവനത്തിന്റെ ഇപ്പോഴത്തെ അവകാശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."