HOME
DETAILS

ചെലവേറിയ കേസുകെട്ടുകള്‍

  
backup
October 04 2020 | 00:10 AM

political-satire


ഒരു സര്‍ക്കാരാകുമ്പോള്‍ കുറച്ചു കേസുകളെയൊക്കെ നേരിടേണ്ടി വരും. എല്ലാ കാലത്തും കുറെ നവാബ് രാജേന്ദ്രന്‍മാര്‍ നാട്ടിലുണ്ടാകും. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ സര്‍ക്കാരിനെതിരേ കോടതികയറും. പിന്നെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ പേരില്‍ എന്തെങ്കിലും കേസുകള്‍ വരും. ഇതിനൊക്കെ പുറമെ പ്രതിപക്ഷകക്ഷികള്‍ കൊടുക്കുന്ന കേസുകള്‍ വേറെയും കാണും. അതിനെയൊക്കെ നേരിടാന്‍ വേണ്ടി തന്നെയാണ് സര്‍ക്കാര്‍ സ്വന്തം വക്കീലുമാരെ നിയമിക്കുന്നത്.


എന്നാല്‍ ഇതുവരെയുണ്ടായ എല്ലാ സര്‍ക്കാരുകളെക്കാളുമധികം കേസുകള്‍ ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാരിനുണ്ട്. ഒരുപാട് കേസുകെട്ടുകള്‍ക്കു നടുവിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. പണ്ട് ഊരിപ്പിടിച്ച കത്തികള്‍ക്കു നടുവിലൂടെ നടന്നുപോയതുപോലെ. അതിലൊട്ടും അത്ഭുതപ്പെടേണ്ടതില്ല. വിപ്ലവപ്രസ്ഥാനങ്ങളെയും വിപ്ലവ സര്‍ക്കാരുകളെയും ബൂര്‍ഷ്വാസി സദാസമയവും വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കും. ഇതുവരെയുണ്ടായ കമ്യൂണിസ്റ്റ് സര്‍ക്കാരുകളെക്കാള്‍ വിപ്ലവവീര്യം കൂടിയ സര്‍ക്കാരായതുകൊണ്ടാവാം ഇത്രയധികം കേസുകെട്ടുകളുണ്ടാകുന്നത്.
വിപ്ലവകാരികള്‍ക്ക് ഇതൊന്നും പുത്തരിയല്ല. നിരവധി കേസുകളും കോടതികളും ജയിലുകളുമൊക്കെ കടന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. കേസുകളില്‍ പെടാതെ ഒരു കമ്യൂണിസ്റ്റ് നേതാവും ഇതുവരെ വളര്‍ന്നുവന്നിട്ടില്ല. ജയിലില്‍ കിടന്നവര്‍ അവരുടെ കൂട്ടത്തില്‍ ധാരാളമുണ്ട്. പ്രസ്ഥാനത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടി തൂക്കിലേറിയവരുമുണ്ട്. അങ്ങനെയൊക്കെയുള്ള പ്രസ്ഥാനത്തെയോ അതിന്റെ സര്‍ക്കാരിനെയോ കേസുകള്‍ കൊണ്ട് തകര്‍ത്തുകളയാമെന്ന് ആരും കരുതേണ്ട.


മന്ത്രിമാര്‍ക്കെതിരേ ബന്ധുനിയമനത്തിന്റെയും മറ്റും പേരിലുണ്ടായ വിവാദങ്ങള്‍, ചില സര്‍ക്കാര്‍തല ഇടപാടുകള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, മന്ത്രിമാരടക്കം ചില നേതാക്കളുടെ വാമൊഴിവഴക്കത്തിലുള്ള വിപ്ലവഭാഷണങ്ങള്‍ തുടങ്ങി പലതിന്റെയും പേരില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍തന്നെ കോടതി കയറുന്നുണ്ട്. ഇതിലോരോന്ന് ചൂണ്ടിക്കാട്ടി ചില പ്രതിവിപ്ലവകാരികള്‍ കോടതിയെ സമീപിക്കുന്നു. കൂടാതെ വി.എസ് അച്യുതാനന്ദനെ കണ്ട് പഠിച്ചതാവാം, കോണ്‍ഗ്രസിന്റെ മറ്റൊരു പ്രതിപക്ഷനേതാവും ചെയ്യാത്ത തരത്തില്‍ രമേശ് ചെന്നിത്തലയും ഇടക്കിടെ സര്‍ക്കാരിനെതിരേ കേസുകൊടുക്കുന്നു. ഇതിനെയൊക്കെ ഒരുവിധം നേരിട്ടുകൊണ്ട് സര്‍ക്കാര്‍ മുന്നേറുന്നതിനിടയിലാണ് ഭരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ചില കനപ്പെട്ട കേസുകള്‍ വരുന്നത്. യു.എ.ഇയുടെ നയതന്ത്ര കാര്യാലയം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത്, അതുമായി ബന്ധപ്പെട്ടുണ്ടായ മതഗ്രന്ഥം കൊണ്ടുപോകല്‍, ലൈഫ് മിഷന്‍ ഇടപാട് തുടങ്ങി പലതും. അതിന്റെയൊക്കെ പേരില്‍ മന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയുമൊക്കെ ചോദ്യം ചെയ്യുന്നു. അതിനിടയില്‍ പഴയ ലാവ്‌ലിന്‍ കേസിനു സുപ്രിംകോടതിയില്‍ വീണ്ടും അനക്കംവച്ചു തുടങ്ങിയിട്ടുമുണ്ട്. അതിനു പുറമെ പെരിയ ഇരട്ടക്കൊലക്കേസും ലൈഫ് മിഷന്‍ അഴിമതിക്കേസുമൊക്കെ സി.ബി.ഐ കൊണ്ടുപോകുന്നതിനെതിരായ വ്യവഹാരങ്ങള്‍ വേറെയും.
പുതിയ കേസുകളെല്ലാം അന്വേഷിക്കുന്നത് എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടം അവരെയുപയോഗിച്ച് ഒരു വിപ്ലവ സര്‍ക്കാരിനെ വേട്ടയാടുകയാണ്. ഇക്കൂട്ടത്തില്‍ സി.ബി.ഐയെ പണ്ടേ പാര്‍ട്ടിക്ക് കണ്ടുകൂടാ. ലാവ്‌ലിന്‍ കാലത്തിന്റെ തുടക്കംമുതല്‍ പാര്‍ട്ടിക്ക് സി.ബി.ഐയുടെ മുഖം കാണുന്നത് അശുഭലക്ഷണമാണ്. അതുകൊണ്ടുതന്നെ അവര്‍ കേസുകള്‍ ഏറ്റെടുക്കുന്നത് എന്തു വിലകൊടുത്തും തടയേണ്ടതുണ്ട്.
ഭരണകൂടത്തിന്റെ മര്‍ദക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുതന്നെയാണ് തുടക്കത്തില്‍ സര്‍ക്കാര്‍ അതിനെയൊക്കെ നേരിടാനായി സംവിധാനമൊരുക്കിയത്. ഹൈക്കോടതിയില്‍ കേസുപറയാന്‍ മാത്രം 150ഓളം സര്‍ക്കാര്‍ പ്ലീഡര്‍മാരെ ശമ്പളവും മറ്റു ചെലവുകളും കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അവര്‍ക്കും താങ്ങാനാവാത്ത കേസുകള്‍ വരുമ്പോള്‍ വാദിക്കാന്‍ പുറത്തുനിന്ന് വലിയ തുക കൊടുത്ത് മുന്തിയ അഭിഭാഷകരെ വേറെ കൊണ്ടുവരുന്നുമുണ്ട്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായ പാര്‍ട്ടി സഖാക്കളെ സി.ബി.ഐക്കു വിട്ടുകൊടുക്കാതിരിക്കാന്‍ 88 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് കണക്ക്. അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ കൊണ്ടുപോകാതിരിക്കാന്‍ ചെലവാക്കിയ ലക്ഷങ്ങള്‍ വേറെയും.


കൂടാതെ മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്ടാവിനെ നിയമിച്ചിട്ടുമുണ്ട്. അദ്ദേഹത്തിനു പ്രതിമാസം ഒരു ലക്ഷം രൂപയിലധികം കൊടുക്കുന്നുണ്ട്. പിന്നെ കേസുകള്‍ കുമിഞ്ഞുകൂടുമ്പോള്‍ അതിനെയൊക്കെ ഏകോപിപ്പിക്കാനായി ഒരു നിയമ ലെയ്‌സന്‍ ഓഫിസറെയും നിയമിച്ചു. അദ്ദേഹത്തെ കൊണ്ടുനടക്കാനും വേണം പ്രതിമാസം ലക്ഷത്തിലധികം രൂപ. ഇത്രയേറെ പണം ചെലവാക്കിയിട്ടും പുതിയ കേസുകെട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും പ്രാപ്തിയില്ലാത്തതുകൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒരു നിയമകാര്യ സെല്‍ തന്നെ ഉണ്ടാക്കിയത്. ഹൈക്കോടതിയിലെ സര്‍ക്കാരിന്റെ സ്‌പെഷല്‍ പ്ലീഡര്‍ എം. രാജേഷിനാണ് ഇതിന്റെ ചുമതല. അദ്ദേഹത്തെ കൊണ്ടുനടക്കാനും വലിയൊരു തുക ചെലവു വരുമെന്നാണ് കേള്‍ക്കുന്നത്.


ഇതിനെല്ലാം പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷനേതാവടക്കം ചില അസൂയാലുക്കള്‍ രംഗത്തുണ്ട്. അവരെയൊക്കെ സര്‍ക്കാര്‍ അവഗണിക്കും. അവര്‍ക്കൊന്നും ഒരു ചുക്കുമറിയില്ല. വിപ്ലവപ്രസ്ഥാനത്തെയും വിപ്ലവ ഭരണകൂടത്തെയുമൊക്കെ സംരക്ഷിക്കേണ്ട ബാധ്യത ജനതയ്ക്കുണ്ട്. അതിനവര്‍ മടികൂടാതെ പണം ചെലവഴിക്കുന്നു എന്നുമാത്രം കരുതിയാല്‍ മതി.

റിവിഷനിസ്റ്റ് ശല്യം വേറെയും
ബൂര്‍ഷ്വാസിയുടെ ഇത്തരം ഉപദ്രവങ്ങള്‍ക്കു പുറമെ സ്വന്തം പാളയത്തില്‍ നിന്നുള്ള ശല്യത്തെയും സര്‍ക്കാരിനു നേരിടേണ്ടതുണ്ട്. ചെങ്കൊടി തന്നെ പിടിക്കുന്ന സി.പി.ഐക്കാരാണ് ആ ശല്യക്കാര്‍. പണ്ട് കോണ്‍ഗ്രസിനൊപ്പം കൂടി ഭരണം നടത്തിയ റിവിഷനിസ്റ്റുകളും റെനിഗേഡുകളുമൊക്കെയാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് വിപ്ലവ വായാടിത്തം ഇത്തിരി കൂടിയിട്ടുണ്ട്. ഒന്നിച്ചാണ് ഭരിക്കുന്നതെങ്കിലും ആ ബോധമൊന്നും അവര്‍ക്കില്ല. വല്യേട്ടനെ ഈയിടെയായി ഒട്ടും ഭയമില്ല. ഒരു തറവാടാകുമ്പോള്‍ കാരണവന്‍മാരോട് ഇത്തിരി ഭയവും ബഹുമാനവുമൊക്കെ വേണ്ടേ.
സര്‍ക്കാര്‍ എന്തെങ്കിലുമൊരു കാര്യം ചെയ്യാന്‍ തീരുമാനിക്കുകയോ ഏതെങ്കിലും മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയോ ഒക്കെ ചെയ്താല്‍ ഉടന്‍ അവര്‍ ഉടക്കുമായി ഇറങ്ങും. അവരുടെ നേതാവ് കാനം രാജേന്ദ്രന്‍ മുള്ളുവച്ച് എന്തെങ്കിലുമൊക്കെ പറയും. പിന്നെ ഇടക്കിടെ എ.കെ.ജി സെന്ററില്‍ വിളിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കല്‍ അദ്ദേഹം ഒരു ശീലമാക്കിയിട്ടുമുണ്ട്. ഇതൊക്കെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ എങ്ങനെയെങ്കിലും അറിയും. അവര്‍ 'എതിര്‍പ്പുമായി സി.പി.ഐ' എന്നും 'ആഞ്ഞടിച്ച് സി.പി.ഐ' എന്നുമൊക്കെ പറഞ്ഞ് വാര്‍ത്ത കൊടുക്കും.


ഇതിനൊക്കെ പുറമെ അവര്‍ ഭരണത്തിലുണ്ടാക്കി വയ്ക്കുന്ന തൊന്തരവ് വേറെയുമുണ്ട്. കൂടെ വന്ന ശേഷം മുന്നണി അധികാരത്തില്‍ വരുമ്പോള്‍ റവന്യു പോലെ പ്രധാനപ്പെട്ട ചില വകുപ്പുകള്‍ അവര്‍ക്കാണ് കൊടുക്കുന്നത്. അവിടെയൊക്കെ എന്തെങ്കിലും ചെയ്യാമെന്നു വച്ചാല്‍ അതിനും ഉടക്കിടും. ചുരുക്കിപ്പറഞ്ഞാല്‍ ഈ റിവിഷനിസ്റ്റുകള്‍ കാരണം മര്യാദയ്ക്കു ഭരിക്കാനാവാത്ത അവസ്ഥയാണ്.


അതിനൊക്കെയൊരു പ്രതിവിധി കാണാനാണ് ആറു ജില്ലകളില്‍ കലക്ടര്‍മാര്‍ക്കു സമാന്തരമായി ജില്ലാ വികസന കമ്മിഷണര്‍ എന്ന പേരില്‍ പുതിയ തസ്തിക സൃഷ്ടിച്ച് അതില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. കലക്ടറും എ.ഡി.എമ്മും കൈവശം വച്ചിരുന്ന ചില ചുമതലകള്‍ അവര്‍ക്കു നല്‍കിയിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ അവര്‍ വഴി നടത്താമല്ലോ. കലക്ടര്‍മാര്‍ക്ക് അനുവദിച്ച എല്ലാ സൗകര്യങ്ങളും ഇവര്‍ക്കും നല്‍കുന്നുണ്ട്. ഇതിന്റെ പേരിലും ഉടക്കുമായി സി.പി.ഐക്കാരനായ റവന്യു മന്ത്രിയും കാനവും ഇറങ്ങി. പതിവുപോലെ ഇതിലും കാനം പ്രതിഷേധമറിയിച്ചെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്തിട്ടില്ല.


പൊതുഖജനാവിന് അധികച്ചെലവുണ്ടാക്കുന്നു എന്നൊക്കെയാണ് ഇവരും പിന്നെ പ്രതിപക്ഷവും ഇതിനെക്കുറിച്ചും പറഞ്ഞുനടക്കുന്നത്. ഇന്നത്തെ കാലത്ത് കാശ് ചെലവാക്കാതെ വല്ലതും നടക്കുമോ. കുറച്ചു ചെലവൊക്കെ വന്നേക്കും. പ്രധാനപ്പെട്ടൊരു കാര്യത്തിനല്ലേ. ബൂര്‍ഷ്വാസിക്കെതിരേ എന്നതുപോലെ തന്നെ റിവിഷനിസ്റ്റുകള്‍ക്കും റെനിഗേഡുകള്‍ക്കുമൊക്കെ എതിരേയും പോരാട്ടം തുടരണമെന്ന് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രതിവിപ്ലവ ശക്തികളില്‍നിന്ന് വിപ്ലവസര്‍ക്കാരിനെ രക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കുണ്ട്. അതിനുള്ള ചെലവ് അവര്‍ സന്തോഷത്തോടെ വഹിച്ചോളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago