കര്‍ദിനാളിനെതിരേ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റ്; ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍
കൊച്ചി: സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചമച്ചെന്ന കേസില്‍ കോന്തുരുത്തി സ്വദേശിയായ ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍. വ്യാജരേഖ ഇ-മെയില്‍ വഴി നല്‍കിയെന്ന് പറയുന്ന ആദിത്യയെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാ. പോള്‍ തേലക്കാട്ടിനെ ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫിസിലെത്തി അന്വേഷണ സംഘം കംപ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ആദിത്യയെയും ഫാ. ടോണി കല്ലൂക്കാരെനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. ആദിത്യയെ വ്യാഴാഴ്ച രാവിലെയും ഫാ.ടോണി കല്ലൂക്കാരനെ വെള്ളിയാഴ്ച രാവിലെയുമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഫാ.ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്തതിനു ശേഷം വൈകിട്ടോടെ വിട്ടയച്ചുവെങ്കിലും ആദിത്യയെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതോടെ ആദിത്യന്റെ വിവരങ്ങള്‍ അന്വേഷിച്ച് കോന്തുരുത്തി ഇടവക വികാരി മാത്യു ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആലുവ ഡിവൈ.എസ്.പിയെ കാണാനെത്തി. എ.എം.ടി ഭാരവാഹികളും വികാരിക്കൊപ്പമുണ്ടായിരുന്നു. വ്യാജരേഖ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ആദിത്യനെ മൂന്ന് ദിവസമായി പൊലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നും കസ്റ്റഡിയില്‍ എടുത്തതിന്റെ കാരണവും യുവാവ് എവിടെയെന്ന് പറയാനും പൊലിസ് തയാറാകുന്നില്ലെന്നും ഫാദര്‍ മാത്യു ഇടശ്ശേരി വ്യക്തമാക്കി. വ്യാജരേഖ ആദ്യമായി അപ്‌ലോഡ് ചെയ്തയാള്‍ എന്ന നിലയിലാണ് ആദിത്യനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത ദിവസം രാത്രി ആദിത്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു വൈദികരും എ.എം.ടി ഭാരവാഹികളും പ്രതിഷേധവുമായെത്തിയിരുന്നു.
വീട്ടുകാരുമായി സംസാരിക്കാന്‍ ആദിത്യന് പൊലിസ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ആദിത്യനെ വിട്ടയക്കാനാകില്ലെന്ന് പൊലിസ് പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. അതേസമയം, താന്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്തത് വ്യജരേഖയല്ലെന്ന് ആദിത്യ പൊലിസിനോട് വ്യക്തമാക്കി.എറണാകുളത്തെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററാണ് ആദിത്യന്‍. ഇയാളാണ് വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതും സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ-മെയില്‍ ചെയ്തു നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് പൊലിസ് നല്‍കുന്ന സൂചന.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡാറ്റാ സെര്‍വര്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് അപ്‌ലോഡ് ചെയ്ത വ്യാജരേഖയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
ഈ വിവരങ്ങള്‍ സിസ്റ്റത്തിന്റെ ഡാറ്റാ സെര്‍വറില്‍ നിന്ന് സ്വാഭാവികമായി ഡിലീറ്റ് ആവുകയോ, നീക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."