റീപോളിങ്: തെരഞ്ഞെടുപ്പ് കമ്മിഷന് സമ്മര്‍ദമില്ലെന്ന് മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റീപോളിങ് നടക്കുന്ന എഴുകേന്ദ്രങ്ങളിലും വോട്ടിങ് സുഗമവും സുരക്ഷിതവുമായ രീതിയിലായിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സമ്മര്‍ദത്തിലുമല്ല പ്രവര്‍ത്തിക്കുന്നത്. വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റീപോളിങ് തീരുമാനിച്ചത്.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഏറ്റവും ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും മീണ പറഞ്ഞു. ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇതോടൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഐ.എ.എസുകാരെ പ്രത്യേക നിരീക്ഷകരായും ഏര്‍പ്പെടുത്തി.
കള്ളവോട്ടിനെ തുടര്‍ന്ന് നടക്കുന്ന റീപോളിങ് ആയതിനാല്‍ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുന്നത്. പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് റീപോളിങ് നടക്കുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത്. പഴയവ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ പരിശോധന നടത്തും.
ഉദ്യോഗസ്ഥര്‍ക്കൊപ്പം ബൂത്ത് ഏജന്റിനും പരിശോധനയില്‍ പങ്കെടുക്കാം. വോട്ട്‌ചെയ്യാന്‍ എത്തുന്നത് രേഖകളിലുള്ള ശരിയായ വോട്ടര്‍ ആണോ എന്ന് ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സംശയം തോന്നുന്നവരെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പരാതികള്‍ അതത് ജില്ലാ നിരീക്ഷകരെ അറിയിക്കാം. കാസര്‍കോട് 84899 36800, കണ്ണൂര്‍ 94350 50134.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."