ലോക്‌സഭാ തെരഞ്ഞെടുപ്പ്: കനത്ത സുരക്ഷയില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്, മോദിക്കും ഇന്ന് വിധിയെഴുത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ബീഹാറിലെ എട്ട്, ജാര്‍ഖണ്ഡിലെ മൂന്ന്, മധ്യപ്രദേശിലെ ഏഴ്, ഉത്തര്‍പ്രദേശിലെ 13, പശ്ചിമബംഗാളിലെ ഒമ്പത്, ഹിമാചല്‍ പ്രദേശിലെ നാല് , പഞ്ചാബിലെ 13, ചണ്ഡീഗഢ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള 918 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.12ലക്ഷം പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവസാനഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. ബിഹാറിലെ പട്‌നസാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ച്ചേര്‍ന്ന സിറ്റിങ് എം.പി. ശത്രുഘന്‍ സിന്‍ഹയും ഏറ്റുമുട്ടുന്നു. കേന്ദ്രമന്ത്രി രാംകൃപാല്‍യാദവ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി, ജെ.ഡി.യു. നേതാവ് കൗശലേന്ദ്ര കുമാര്‍ എന്നിവരാണ് ബിഹാറില്‍ മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍.
ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, കേന്ദ്രമന്ത്രി നിഷികാന്ത് ദുബെ, പഞ്ചാബില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍, ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരപൗത്രന്‍ ചന്ദ്രകുമാര്‍ ബോസ് എന്നിവരും ജനവിധിതേടുന്നു.
ചണ്ഡീഗഢില്‍ ചലച്ചിത്രനടിയും ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യുമായ കിരണ്‍ ഖേറും കോണ്‍ഗ്രസ് നേതാവ് പവന്‍കുമാര്‍ ബന്‍സാലും തമ്മിലാണ് മത്സരം.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ പുനര്‍വോട്ടെടുപ്പുമുണ്ട്. ഞായറാഴ്ച വൈകീട്ടുതന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മേയ് 23 വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
വോട്ടെടുപ്പിനിടെ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 111 സ്ഥാനാര്‍ത്ഥികളാണ് ബംഗാളില്‍ ജനവിധി തേടുന്നത്. 17058 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നോര്‍ത്ത് സീറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 21 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്.
മെയ് 14ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു പ്രചരണം ഒരു ദിവസം നേരത്തെ നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ 710 കമ്പനി സെന്‍ട്രല്‍ മിലിറ്ററി സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."