മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണം: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു
കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എം.എല്‍.എ ഡോ. എം.കെ മുനീര്‍ സ്ഥലം സന്ദര്‍ശിച്ചു. മേലെ പാളയം മുതലുള്ള ഭാഗത്ത് ഇന്റര്‍ലോക്ക് ചെയ്യാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ മിഠായിത്തെരുവിലെ എല്ലാ പോക്കറ്റ് റോഡുകളുടെയും നവീകരണത്തിനായി 20 കോടി രൂപ കിഫ്ബിയോട് സര്‍ക്കാര്‍ മുഖാന്തിരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമീപത്തെ കച്ചവടക്കാരോട് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെയുള്ള പൂര്‍ണ സഹകരണം ഉറപ്പു വരുത്തിയാണ് അദ്ദേഹം മടങ്ങിയത്.
എസ്.കെ അബൂബക്കര്‍, ഫൈസല്‍ പള്ളിക്കണ്ടി, വി.റാസിഖ്, സി.ടി സക്കീര്‍ ഹുസൈന്, എ.ടി മൊയ്തീന്‍കോയ എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു. 3.64 കോടിയോളം ചെലവഴിച്ചുള്ള സൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ഡ്രൈനേജ് നിര്‍മാണവും ബി.എസ്.എന്‍.എല്‍, ഫയര്‍, കേബിള്‍ വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."