HOME
DETAILS
MAL
പോപുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു
backup
October 05 2020 | 00:10 AM
കൊച്ചി: നിക്ഷേപത്തട്ടിപ്പു നടത്തിയ കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശമടങ്ങിയ കത്ത് ഇ.ഡി കൈമാറിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസാണ് കത്ത് നല്‍കിയത്.
ആസ്തി വകകള്‍ കൈമാറരുതെന്ന് കത്തില്‍ നിര്‍ദേശമുണ്ട്. രണ്ടായിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന് രാജ്യമെമ്പാടുമായി സ്വത്തുക്കളുള്ളതായി കണ്ടെത്തിയിരുന്നു.
സ്ഥാപനത്തിന്റെ ഉടമയായ റോയി ഡാനിയല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ തോമസ്, റേബ മേരി എന്നിവരുടെ പേരിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും ബാങ്ക് നിക്ഷേപവുമുള്ളതായി കണ്ടെത്തിയത്.
പ്രതികള്‍ നേരത്തെ സ്വത്ത് വകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. ഇത് തടയാനും കൂടി ലക്ഷ്യമിട്ടാണ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിക്കാനുളള നടപടികളെടുത്തത്.
പൊലിസ് കസ്റ്റഡി അവസാനിക്കുന്നതോടെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട മുഖ്യ പ്രതികളെല്ലാം ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്.
പോപുലര്‍ ഫിനാന്‍സ് ഉടമകളെ
ഇ.ഡി കസ്റ്റഡിയില്‍ വാങ്ങും
തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ എന്‍ഫോഴ്‌സ്‌മെന്റെ കസ്റ്റഡിയില്‍ വാങ്ങും. ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. കേസില്‍ പൊലിസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തേക്കും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റെ കേസ്.
2,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125 കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്രപ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്‌ളാറ്റുകള്‍, പുനൈ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫിസ് കെട്ടിടം എന്നിവയും ഇവരുടെ ആസ്തിയാണ്.
കേസിലെ പ്രതികളായവര്‍ നേരത്തെ സ്വത്തുവകകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുവകകള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് ഇ.ഡി നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."