HOME
DETAILS
MAL
മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്; യു.പി സര്‍ക്കാര്‍ വീണ്ടും വെട്ടില്‍
backup
October 05 2020 | 00:10 AM
ലക്നൗ: ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെയും പൊലിസിനെയും ബി.ജെ.പിയെയും വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. പരുക്കേറ്റ് അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടാണ് പുറത്തായത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായും ബലപ്രയോഗം നടന്നതായും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.
നേരത്തെ, പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യു.പി പൊലിസ് രംഗത്തെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇതിന് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ ന്യായം പറഞ്ഞത്. പൊലിസിന്റെ ഈ നിലപാടിനെതിരേ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതോടെ, സംഭവത്തില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ യു.പി സര്‍ക്കാരും പൊലിസും ശ്രമിച്ചെന്ന ആരോപണം സാധൂകരിക്കപ്പെടുകയാണ്. ഡല്‍ഹിയിലെ എയിംസിലേക്കാണ് പെണ്‍കുട്ടിയെ റഫര്‍ ചെയ്തതെന്നും എങ്ങനെയാണവര്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിയതെന്ന് അറിയില്ലെന്നും നേരത്തെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍വച്ചു മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് ബലമായി കൊണ്ടുപോയി കത്തിച്ചുകളഞ്ഞത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."