തെരഞ്ഞെടുപ്പിനും അപ്പുറമുള്ള രാഷ്ട്രീയ നിയോഗം
ഏഴാംഘട്ടം കൂടി അവസാനിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പു മഹാമഹം അവസാനിച്ചു. ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ വോട്ടെണ്ണല്‍. രാജ്യത്തിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ളവര്‍ക്ക് നിര്‍ണായകമായ മണിക്കൂറുകളാണിനി. തെരഞ്ഞെടുപ്പു ഫലം എന്തായാലും ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ദുരന്തമുഖത്താണുള്ളതെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് നിരീക്ഷിക്കുകയുണ്ടായി. അതിനവര്‍ കണ്ട കാരണം തെരഞ്ഞെടുപ്പു ഫലം തങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ഒരു ജനവിഭാഗം രാജ്യത്തുണ്ട് എന്നതാണ്.
സംഘ്പരിവാര്‍ നടപ്പാക്കിപ്പോരുന്ന സാംസ്‌കാരിക ദേശീയതയുടെ ഇരകളായി മാറുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭീതിയെക്കുറിച്ചാണ് ഇപ്പറയുന്നത്. വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവില്‍ വന്നാല്‍ തങ്ങളുടെ ജീവിതവും അസ്തിത്വവും എത്രമേല്‍ അരക്ഷിതമാവും എന്നതിനെച്ചൊല്ലി ജനതയില്‍ ഒരു വിഭാഗം ഭയപ്പെട്ടു കഴിയുന്നു എന്നത് മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത രാഷ്ട്രീയാന്തരീക്ഷമാണ്. ഇതാദ്യമായാണ് ഇത്രമേല്‍ ആശങ്കയോടെ രാജ്യം തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ശുഭകരമല്ലാത്ത മറ്റൊരു മുഖമാണിത്.
തെരഞ്ഞെടുപ്പു വേളയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അരങ്ങാക്കി മാറ്റാനുള്ള അവസാനത്തെ അവസരവും ബി.ജെ.പി പ്രയോജനപ്പെടുത്തി. കഴിഞ്ഞ അഞ്ച് ആണ്ടുകൊണ്ട് രാജ്യത്തെ ഗ്രസിച്ച അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിച്ചും പ്രചാരണത്തിന്റെ വഴിമാറ്റിയും തങ്ങളുടെ വര്‍ഗീയ അജന്‍ഡകള്‍ അവര്‍ പുറത്തെടുത്തു. അവസാന ഘട്ട പ്രചാരണവേള അതിന്റെ കൂത്തരങ്ങായി മാറി. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിഭാഗീയതവും വിദ്വേഷവും സൃഷ്ടിക്കാനുള്ള വിഷം മാത്രമല്ല വിസര്‍ജിക്കപ്പെട്ടത്. ഇന്ത്യ എന്ന ആശയത്തെ തന്നെ തങ്ങളുടെ ഇംഗിതത്തിനൊത്ത് പുനര്‍ നിര്‍വചിക്കാനുള്ള ഗൂഢപദ്ധതി പോലും പ്രയോഗിക്കപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനെ ദേശഭക്തനെന്നു വിശേഷിപ്പിച്ചു കൊണ്ട് തങ്ങളുടെ ഭാവനയിലുള്ള ഇന്ത്യയെ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാനുള്ള ശ്രമംവരെ നടന്നു.
അതേസമയം രാജ്യത്തെ അപരവല്‍കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ മാതൃഭിയോട് കൂടുതല്‍ ഇഴുകിച്ചേരുന്നതിനും ഇത്തവണത്തെ തെരഞ്ഞെടുപ്പു സാക്ഷിയായി. എത്രയൊക്കെ കുത്തിയിളക്കാനുള്ള ശ്രമം സംഘ്പരിവാര്‍ നടത്തിയിട്ടും ജനാധിപത്യ പ്രക്രിയയെ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും സംഘ്പരിവാറിനെ അധികാരത്തില്‍ നിന്നകറ്റാനും ഏറ്റവും പ്രായോഗികമായി അവര്‍ പ്രവര്‍ത്തിച്ചു. ഏറ്റവും നിശബ്ദമായും ക്രിയാത്മകമായും വോട്ടു രേഖപ്പെടുത്തുകയാണ് രാജ്യത്തെ ന്യൂനപക്ഷ ജനതയെന്ന് ഒട്ടേറെ നിരീക്ഷകര്‍ സൂചിപ്പിക്കുകയുണ്ടായി.
ഇപ്പോള്‍ രാജ്യത്തുണ്ടായ മോദി വിരുദ്ധ വികാരം പോലും രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കെതിരേ അരങ്ങേറിയ വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തിന്റെ പേരിലല്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നോട്ടു നിരോധനം പോലുള്ള വിഡ്ഢിത്തങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത എന്ന ഒറ്റക്കാരണം കൊണ്ട് മറ്റെല്ലാ പാതകങ്ങളും ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹം വിസ്മരിക്കുമായിരുന്നു. ഇന്ത്യയുടെ അഖണ്ഡതക്കും രാജ്യത്തിന്റെ മതേതര ജീവിതത്തിനും ഏറ്റ പരുക്കുകളെക്കാള്‍ ബി.ജെ.പിക്കെതിരായ ജനവിധി രൂപപ്പെട്ടത് മോദി ഭരണത്തിന്റെ സാമ്പത്തിക പരാജയങ്ങളും വാഗ്ദാനങ്ങളുടെ ലംഘനവും നിമിത്തമാണ്.
ഭയത്തിന്റെ ഈ കാലയളവിലും രാജ്യത്തെ ന്യൂനപക്ഷം എത്രകണ്ട് ആത്മബലവും പ്രതിരോധശേഷിയും സ്വായത്തമാക്കിയിരിക്കുന്നു എന്നതിന്റെ രണ്ടു ചരിത്ര സംഭവങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പു കാലം സാക്ഷിയായി. ഒന്ന് ബില്‍ഖീസ് ബാനു കേസിലെ സുപ്രിംകോടതി വിധി. ഗുജറാത്ത് കലാപത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ ഒരു സ്ത്രീ നടത്തിയ പോരാട്ടത്തിന്റെ പരിണതിയാണ് ആ വിധി. ബില്‍ഖീസ് ബാനുവിനു നീതി കിട്ടിയത് തെരഞ്ഞെടുപ്പു ബഹളത്തില്‍ ഏറെ ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും രാജ്യത്തെ ന്യൂനപക്ഷ സമുദായം നിയമ വ്യവസ്ഥയിലും നീതിന്യായത്തിലും വിശ്വസിച്ച് നടത്തിയ സമരത്തിന്റെ ഉത്തമ ഫലമായിരുന്നു അത്. മറ്റൊരു സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചതിന്റെ പേരില്‍ മുഹമ്മദ് മുഹ്‌സിന്‍ എന്ന നിരീക്ഷണ ഉദ്യോഗസ്ഥനായ ഐ.എ.എസ് ഓഫിസര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തത്. ബില്‍ഖീസിനു നീതി ലഭിച്ചതും മുഹമ്മദ് മുഹ്‌സിനു കൃത്യനിര്‍വഹണത്തിന്റെ പേരില്‍ നടപടി സ്വീകരിക്കേണ്ടി വന്നതും തമ്മില്‍ എന്താണു പൊതുവായുള്ളത്?
മുഹമ്മദ് മുഹ്‌സിന്റെ കൃത്യനിര്‍വഹണം പ്രതീകാത്മകമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും പരിഹാസ്യമായിത്തീര്‍ന്ന ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. പ്രധാനമന്ത്രി നടത്തിയ മുഴുവന്‍ തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങളിലും ക്ലിന്‍ചിറ്റു നല്‍കി സ്വയം സാധുത നഷ്ടപ്പെടുത്തിയ ഒരു സംവിധാനം. ആ സ്ഥാപനത്തിനു വേണ്ടി സേവനമര്‍പ്പിക്കുന്ന ഒരു മുസ്‌ലിം ഉദ്യോഗസ്ഥന്‍ തന്നിലേല്‍പിക്കപ്പെട്ട കൃത്യം നിര്‍വഹിക്കാന്‍ ശ്രമിച്ചു എന്നതിലൊരു സന്ദേശമുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ത്തവ്യം ഒരിക്കലെങ്കിലും നിറവേറ്റാന്‍ തുനിഞ്ഞ ഒരാള്‍ എന്നതാണ് മുഹ്‌സിന്റെ പ്രത്യേകത. കമ്മിഷന്‍ തോറ്റുപോയ തെരഞ്ഞെടുപ്പില്‍ ഒരു ചെറിയ വിജയമെങ്കിലും അദ്ദേഹമാണ് നേടിക്കൊടുത്തത്. ചിത്ര ദുര്‍ഗയിലെ പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ വഴി ഒരു പെട്ടി കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്ത വേളയിലാണ് അദ്ദേഹം ഇത്രയും ധീരതയും സ്ഥൈര്യവും പ്രകടിപ്പിച്ചത്. മോദിയും അമിത്ഷായും നയിക്കുന്ന ഭരണകാലത്ത് നിര്‍ഭയത്വത്തിന്റെ പ്രതീകമാണ് ഈ സംഭവം.
ഗുജറാത്ത് കലാപത്തിലെ ഇരകളായ, ജീവന്‍ തിരിച്ചു കിട്ടിയ ഹതഭാഗ്യരായ മനുഷ്യരോട് രാജ്യത്തെ നിയമ സംവിധാനം പെരുമാറിയത് എപ്രകാരമായിരുന്നു എന്നതിന്റെ രേഖകളും അനുഭവ വിവരണങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. മുന്‍ ഗുജറാത്ത് ഡി.ജി.പി മലയാളി ഓഫിസര്‍ ശ്രീകുമാര്‍ എഴുതിയ പുസ്തകത്തില്‍ വ്യക്തമാക്കിയത് വര്‍ഗീയ കലാപത്തിന് ഇരയായവരെ സര്‍ക്കാര്‍ ആദ്യം അവഗണിക്കുകയായിരുന്നു എന്നും പിന്നീട് ഒത്തുതീര്‍പ്പിന്റെ പാത സ്വീകരിച്ച ഗവണ്‍മെന്റ് ഇരകള്‍ക്ക് നഷ്ടപരിഹാരമായി പുനരധിവാസവും മറ്റ് ആനുകൂല്യങ്ങളും നല്‍കുകയുണ്ടായി എന്നതുമാണ്. പക്ഷേ ഇതൊന്നും ഒട്ടും ആത്മാര്‍ഥതയോടെ ആയിരുന്നില്ല. വര്‍ഗീയ കലാപത്തില്‍ ഇരകളായവരെ സംരക്ഷിക്കുന്ന ഒരു നടപടിയും പൊലിസിന്റെയോ നീതിപീഠത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇങ്ങനെ പരാജയപ്പെട്ട നൂറു കണക്കിന് ഇരകളില്‍ നിന്നാണ് ഒരു സ്ത്രീ തന്റെ സര്‍വസ്വവും ത്യജിച്ചു കൊണ്ട് നീതിക്കു വേണ്ടി പോരാടിയത്. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മൊത്തം കുത്തകക്കാരായവര്‍ ബില്‍ഖീസ് എന്ന പേരു പോലും ഉച്ചരിക്കാനിടയില്ല. എങ്കില്‍ പോലും പരോക്ഷമായി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി കൂടി ആരോപണ വിധേയനായ ഒരു കുറ്റകൃത്യത്തിലാണ് മോദി ഭരണത്തിലിരിക്കുന്ന കാലയളവില്‍ സുപ്രിംകോടതിയില്‍ നിന്ന് ഒരു ഇര നീതി നേടിയെടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഒന്നു കൊണ്ടു മാത്രമാണ് തനിക്കീ പോരാട്ടം സാധ്യമായതെന്ന് അവര്‍ തുറന്നു പറയുന്നു. ബില്‍ഖീസിന്റെത് ഇത്തരമൊരു പോരാട്ടത്തിന്റെ വിജയമാണെങ്കില്‍ മുഹ്‌സിന്റെ കൃത്യനിര്‍വഹണം മറ്റൊരു മാറ്റത്തിന്റെ സൂചകമാണ്. രണ്ടും ശുഭവാര്‍ത്തകളായാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ടത്.
മകള്‍ സ്വാലിഹയെ തന്നില്‍ നിന്ന് പറിച്ചെടുത്തു മുകളിലേക്ക് എറിയുന്നതും താഴെ വീണ് തലതകര്‍ന്ന് മരിക്കുന്നതും കുടുംബത്തിലെ ഓരോരുത്തരെയായി ബലാത്സംഗം ചെയ്ത് കൊല്ലുന്നതും കണ്ട ബില്‍ഖീസിനു ബലാല്‍ക്കാരത്തിനിടെ ബോധം നഷ്ടപ്പെട്ടിരുന്നു. തലയ്ക്ക് കല്ലും വടിയും കൊണ്ട് അടിയേറ്റ് മരിച്ചെന്ന് കരുതി ബില്‍ഖീസിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ടാണ് പീഡിതയും നിസഹായയുമായ ആ ഭാരതപുത്രി തന്റെ മാനാഭിമാനത്തിനു വേണ്ടിയുള്ള നിയമപോരാട്ടം തുടങ്ങിയത്. 17 കൊല്ലം നീണ്ട പോരാട്ടം നടത്താനുള്ള മനഃശക്തി എങ്ങനെയുണ്ടായെന്ന ചോദ്യത്തിന്, എല്ലാം നഷ്ടപ്പെട്ട തനിക്ക് നഷ്ടപ്പെടാതെ ബാക്കിയുണ്ടായിരുന്നത് മനസിന്റെ ബലം മാത്രമായിരുന്നു എന്നാണ് ബില്‍ഖീസ് പ്രതികരിച്ചത്. മനസിന്റെ ബലത്തോളം വലിയ രാഷ്ട്രീയ ശക്തിയില്ലെന്നു ചുരുക്കം.
സമരാത്മകമായി, സാഹസികമായി നീതിയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നിശബ്ദ ന്യൂനപക്ഷം രാജ്യത്ത് അതിവേഗം സജീവമായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് വിവിധ പരീക്ഷകളിലെ മുസ്‌ലിംകളുടെ മുന്നേറ്റം. ഇങ്ങനെ കൂട്ടിവായിക്കേണ്ട ഒട്ടേറെ പരിണതികളിലൂടെയാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായം കടന്നുപോകുന്നത്.
രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ മോദിഭരണം വീണ്ടും വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ചുറ്റിത്തിരിയുന്ന രാഷ്ട്രീയ ദൗത്യമാണ് ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ദേശിച്ചത്. അതിന്റെ കണക്കെടുപ്പാണവര്‍ ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക. അതിനപ്പുറമുള്ള ഒരു ചോദ്യം ബാക്കിയുണ്ട്. മോദി വീണ്ടും വന്നാലെങ്ങനെയാണ് കാര്യങ്ങള്‍. അങ്ങനെയാണ് തെരഞ്ഞെടുപ്പു ഫലമെങ്കില്‍ ആ രാഷ്ട്രീയ വിപത്തിനെയും നാം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നു പറയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തെയാണ് വാസ്തവത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിച്ചു ഭരിക്കലാണു രാജ്യം വീണ്ടും തെരഞ്ഞെടുക്കുന്നതെങ്കില്‍ നാമൊന്നിച്ച് അതിനെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുമെന്നു പ്രതിജ്ഞ ചെയ്യുന്ന യോജിപ്പിന്റെ രാഷ്ട്രീയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."