ട്രെയിനില്‍ കടത്തിയ ആറുകിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസില്‍ നിന്ന് ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജു (32)വിനെ അറസ്റ്റ് ചെയ്തു.
ആര്‍.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് (സി.പി.ഡി.എസ്) ട്രെയിനിലെ പരിശോധനയ്ക്കിടെ സ്വര്‍ണം പിടികൂടിയത്. വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ വച്ചാണ് ബി2 എ.സി കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന രാജുവിനെ ആര്‍.പി.എഫ് ശ്രദ്ധിച്ചത്. രാജുവിനോട് വിശദമായി വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും ബാഗ് പരിശോധിക്കുകയുമായിരുന്നു. ബാഗില്‍ സ്വര്‍ണം കണ്ടെത്തിയതോടെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇയാളുടെ കൈവശം രേഖകളൊന്നും ഉണ്ടായിരുന്നില്ല. ട്രെയിന്‍ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആര്‍.പി.എഫ് എസ്.ഐ നിശാന്തിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് രാജു മൊഴി നല്‍കിയത്. കസ്റ്റഡിയിലെടുത്ത രാജുവിനെ ഡി.ആര്‍.ഐയും ജി.എസ്.ടി വിഭാഗവും ചോദ്യം ചെയ്തു. ആര്‍.പി.എഫിന്റെ പരിശോധനാസംഘത്തില്‍ സുനില്‍, മനോജ്കുമാര്‍, ബിനീഷ് എന്നിവരുമുണ്ടായിരുന്നു.
പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ ട്രെയിന്‍ വഴി നികുതി വെട്ടിച്ച് കടത്തിയ വസ്ത്രശേഖരം കഴിഞ്ഞ ദിവസം ആര്‍.പി.എഫ് പരിശോധനയില്‍ പിടികൂടിയിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നിന്ന് കൊച്ചുവേളിയിലേക്ക് കൊണ്ടുവന്ന ചുരിദാറുകളാണ് കോഴിക്കോട്ടു വച്ച് ആര്‍.പി.എഫ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യു.പി മുസാഫിര്‍ നഗര്‍ സ്വദേശികളായ അജം, ഷഹനൂര്‍ അഹമ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്ത് 48,946 രൂപ പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."