പുളിഞ്ഞാലില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
പുളിഞ്ഞാല്‍: വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വെള്ളമുണ്ട വില്ലേജിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ പുളിഞ്ഞാല്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ടാങ്കില്‍ വെള്ളം ലഭ്യമല്ലാതായതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍കാലത്ത് വാഹനങ്ങളിലൂടെ കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കിലും ഈവര്‍ഷം ഇനിയും വെള്ളം വിതരണം തുടങ്ങാത്തത് നാട്ടുകാരെ വലയ്ക്കുകയാണ്. പഞ്ചായത്തില്‍ എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവിക്കുന്ന പ്രദേശമാണ് പുളിഞ്ഞാല്‍.
1989ല്‍ പ്രദേശത്തെ കല്ലാങ്കോട് തോടിനെ ആശ്രയിച്ച് തുടങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതിയാണ് പ്രദേശത്തുകാര്‍ക്ക് കുടിവെള്ളത്തിനുള്ള ആശ്രയം. മലമുകളില്‍ നിന്നുത്ഭവിച്ച് ഒഴുകിയെത്തുന്ന കാട്ടരുവിക്ക് കുറുകെ തടയണകെട്ടി വാട്ടര്‍ ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെള്ളമുണ്ട വില്ലേജിന് കീഴിലുള്ള കണ്ടത്തുവയല്‍ മുതല്‍ കട്ടയാട് വരെയുള്ള ഭാഗങ്ങളിലും മൊതക്കര, വാരാമ്പറ്റ ഭാഗങ്ങളിലുമുള്ള 2000ത്തോളം കുടുംബങ്ങളാണ് പദ്ധതിയിലൂടെ വാട്ടര്‍ കണക്ഷന്‍ മുഖേനയും പൊതുടാപ്പുകള്‍ വഴിയും കുടിവെള്ളമെടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേനല്‍ തുടങ്ങുന്നതോടെ കാട്ടരുവിയും വറ്റി ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമാണിവിടെ. ലക്ഷക്കണക്കിന് രൂപ വരിസംഖ്യയായി ഗുണഭോക്താക്കളില്‍ നിന്നും പിരിച്ചെടുക്കുന്ന വാട്ടര്‍ അതോറിറ്റി കുടിവെള്ളം നല്‍കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നത്.
ടാങ്കിനോട് ചേര്‍ന്ന് ഇപ്പോഴും വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത് തടയാനോ വെള്ളം ശേകഖരിക്കുന്ന തടയണ ശുദ്ധീകരിക്കാനോ വാട്ടര്‍ അതോറിറ്റി തയ്യാറാവാറില്ല. തടയണക്ക് മുകളില്‍ മരം കടപുഴകി വീണ് ദ്രവിച്ച് അഴുകിയ വെള്ളമാണ് ഇപ്പോഴും പൈപ്പിലൂടെ സംഭരണ ടാങ്കിലേക്കെത്തുന്നത്. പുളിഞ്ഞാല്‍ ടൗണിന് മുകളിലായി സംഭരണ ടാങ്കിനോട് ചേര്‍ന്ന് താമസിക്കുന്ന നൂറോളം വീടുകളില്‍പോലും ഇപ്പോള്‍ കൃത്യമായി വെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല.
ഇവിടങ്ങളിലെ കിണറുകളിലും വെള്ളം വറ്റിയതോടെ നാട്ടുകാര്‍ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളില്‍ റവന്യുവകുപ്പും ഗ്രാമപഞ്ചായത്തും വെള്ളം വിതരണം നടത്താറുണ്ടെങ്കിലും വെള്ളമുണ്ട പഞ്ചായത്തില്‍ ഇതുവരെയും കുടിവെള്ള വിതരണം നടത്തിയിട്ടില്ല.
മുന്‍ വര്‍ഷങ്ങിലെല്ലാം പഞ്ചായത്ത് വാഹനങ്ങളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളമായിരുന്നു പുളിഞ്ഞാല്‍ പ്രദേശത്തുകാര്‍ക്ക് തുണയായിരുന്നത്. അഞ്ചു ലക്ഷം രൂപ വരെ ഇതിനായി ചിലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് ഇതിനായി ഒരു രൂപ പോലും ഈ വര്‍ഷം ചിലവഴിച്ചില്ലെന്ന് ആരോപണമുയരുന്നുണ്ട്.
റവന്യു വകുപ്പ് ഏര്‍പ്പെടുത്തിയ കിയോസ്‌കര്‍ വഴിയുള്ള ശുദ്ധജല വിതരണവും വെള്ളമുണ്ടയിലെവിടെയും ഏര്‍പ്പെടുത്തിയിട്ടില്ല. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിഞ്ഞാലില്‍ ഹോട്ടലുകള്‍ ഭൂരിഭാഗവും ഇപ്പോള്‍ തുറക്കാറില്ല. പ്രദേശത്തെ പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറാനുള്ള തയാറെടുപ്പിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."