ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം; പിതാവില്‍നിന്ന് മലപ്പുറം കലക്ടര്‍ മൊഴിയെടുത്തു
മഞ്ചേരി: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ പിതാവില്‍നിന്ന് മലപ്പുറം ജില്ലാ കലക്ടര്‍ മൊഴിയെടുത്തു. ഇന്നലെ രാവിലെ 11നാണ് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുന്‍പാകെ പിതാവ് എന്‍.സി മുഹമ്മദ് ഷെരീഫ് ആശുപത്രികളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചത്.
സംഭവത്തില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് മുതുവല്ലൂര്‍ വില്ലേജ് ഓഫിസര്‍ മുഖേന കലക്ടര്‍ ഷെരീഫിന് കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടെത്തി വിവരങ്ങള്‍ നല്‍കിയത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതും പരിശോധനയ്ക്ക് വിധേയമാക്കുക പോലും ചെയ്യാതെ നിര്‍ബന്ധിപ്പിച്ച് മടക്കി അയച്ചതും എന്‍.സി ഷെരീഫ് കലക്ടറെ അറിയിച്ചു.
കടുത്ത വേദന അനുഭവിച്ച സമയത്താണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മടക്കി അയച്ചതെന്നും ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറായില്ലെന്നും പിതാവിന്റെ മൊഴിയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയുടെ വിവരങ്ങളും കലക്ടര്‍ ചോദിച്ചറിഞ്ഞു.കലക്ടറുടെ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും എന്‍.സി ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രഭാതം മലപ്പുറം റെസിഡന്‍ഷ്യല്‍ മാനേജര്‍ വൈ.പി മുഹമ്മദ് ശിഹാബ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹ്മദ് സാജു എന്നിവരും കലക്ടറുമായി സംസാരിച്ചു. കുടുംബം ഇന്ന് മലപ്പുറം ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കും.
തുടര്‍ നടപടികള്‍ക്കായി
റിപ്പോര്‍ട്ട് നല്‍കും: കലക്ടര്‍
മഞ്ചേരി: ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ന് പിതാവിനോട് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ വിശദീകരണങ്ങളും കേട്ടതിനു ശേഷം നടപടിക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് ബില്ല് അടക്കുള്ള ചികിത്സാ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് തെളിവുകള്‍ പരിശോധിക്കും. കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി കോഴിക്കോട്ടെ രണ്ട് ഡോക്ടര്‍മാരുടെ വിശദീകരണവും തേടും. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സുപ്രണ്ട് എന്നിവര്‍ക്ക് സംഭവത്തില്‍ ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ അധികൃതരുടെ വിശദീകരണം കലക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ വിവരങ്ങള്‍ തേടാന്‍ വിളിപ്പിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."