ഡോക്ടര്‍മാരുടെ സമരം: വേണ്ടിയിരുന്നത് കര്‍ശന നടപടി
കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം അതിഭീകരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തില്‍ തന്നെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്‌സുമാരും സമരത്തിനിറങ്ങിയത് രോഗികളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയായിരുന്നു. രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരണവും റിലേ നിരാഹാര സമരവും നടത്തി തുടര്‍ന്ന് അനിശ്ചിതകാല സമരത്തിനും ഇവര്‍ തയാറെടുത്തതറിഞ്ഞ സര്‍ക്കാര്‍ അനുനയ നീക്കവുമായി രംഗത്തുവരികയായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്നലെ സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്‍പില്‍ മുട്ടുമടക്കുന്നതാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചിട്ടുണ്ട്.
കൊവിഡ് സാന്ദ്രതാ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമായിരുന്നു ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുണ്ടായിരുന്നതെങ്കില്‍ കേരളം ഇപ്പോള്‍ ഈ സംസ്ഥാനങ്ങളെ മറികടന്നിരിക്കുകയാണ്. കേരളത്തില്‍ ദിനംപ്രതി ആയിരങ്ങളാണ് രോഗബാധിതരായിക്കൊണ്ടിരിക്കുന്നത്. സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യതയെന്നും പ്രതിദിന രോഗികള്‍ ഇരുപതിനായിരം വരെയാകുമെന്നും ഐ.എം.എ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് ഐ.എം.എ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
ഈ ശുപാര്‍ശ ഉള്‍ക്കൊണ്ടായിരിക്കണം സര്‍ക്കാര്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടാവുക. ഇതു സാധാരണ ജീവിതത്തെ ബാധിക്കില്ലെങ്കിലും അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങളാണ് രോഗവ്യാപനത്തിനു കാരണമാകുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മാസാവസാനത്തോടെ മാത്രമേ രോഗവ്യാപനം കുറഞ്ഞു തുടങ്ങുകയുള്ളൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം അവസാനം വരെ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ രോഗവ്യാപനം തടയാന്‍ കര്‍ക്കശമായ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫിസറും ഹെഡ് നഴ്‌സുമാരും ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരേയാണ് നോഡല്‍ ഓഫിസര്‍മാരും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്‌സുമാരും സമരത്തിനിറങ്ങിയത്. പുഴുവരിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയതോടെ ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മിദിനെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആരോപണവിധേയരായ നോഡല്‍ ഓഫിസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെ ആരോഗ്യ അഡിഷനല്‍ സെക്രട്ടറി സര്‍വിസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അവരുടെ സഹപ്രവര്‍ത്തകരായ മേലുദ്യോഗസ്ഥര്‍ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതു പാടില്ലെന്നാണോ പണിമുടക്കിയ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) പറയുന്നത്?
ഇതിനെയാണ് സമ്മര്‍ദതന്ത്രമെന്നു പറയുന്നത്. രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന ഡോക്ടര്‍മാരില്‍ ചിലരുടെ പ്രവൃത്തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനു പറ്റാത്ത ഒരവസ്ഥ ഇപ്പോഴുണ്ട്. അവരില്‍ നിന്ന് ചികിത്സാ പിഴവു മൂലമോ ചികിത്സാ നിഷേധത്താലോ അവഗണനയാലോ രോഗി മരിച്ചാല്‍ കാരണക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേയോ നഴ്‌സുമാര്‍ക്കെതിരേയോ നടപടിയെടുക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. നടപടി എടുത്താല്‍ അവര്‍ സമരത്തിനിറങ്ങും. ഇവരുടെ കുറ്റകരമായ വീഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ രണ്ടു ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനും ഒരു മുതിര്‍ന്ന സ്ത്രീയുടെ മരണത്തിനുമിടയാക്കിയത്. തിരുവനന്തപുരത്ത് രോഗിയെ പുഴുവരിക്കാന്‍ കാരണമായത് നോഡല്‍ ഓഫിസറായ ഡോക്ടറുടെയും രണ്ടു നഴ്‌സുമാരുടെയും അനാസ്ഥയായിരുന്നെങ്കില്‍ മഞ്ചേരിയില്‍ ആരോപണവിധേയര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും ബന്ധപ്പെട്ട നഴ്‌സുമായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ തെറ്റുകാരെ വെള്ളപൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മരിച്ച ഗര്‍ഭസ്ഥശിശുക്കളുടെ മാതാപിതാക്കളോട് ഒരു വാക്കുപോലും ചോദിക്കാതെയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സമരത്തിനിറങ്ങിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ ബന്ധപ്പെട്ട ഡോക്ടറും നഴ്‌സുമാരും കുറ്റവാളികളാണെന്ന് കണ്ടൈത്തി. അനാസ്ഥ കാണിച്ചവരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതവുമായി. ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയും ചെയ്തു. സസ്‌പെന്റ് ചെയ്യപ്പെട്ടവരെ തിരിച്ചെടുക്കണമെന്നാണ് സമരം ചെയ്ത ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞത്. അതായത്, ചികിത്സാരംഗത്ത് അവരുടെ ആധിപത്യമാണ്. ചികിത്സാ പിഴവു മൂലമോ അനാസ്ഥ കാരണത്താലോ രോഗികള്‍ മരിച്ചാലും പുഴുവരിച്ചാലും ചോദ്യം ചെയ്യരുത്. ശിക്ഷാനടപടികള്‍ സ്വീകരിക്കരുത്. അഥവാ അങ്ങനെ വല്ലതും സംഭവിച്ചാല്‍ അവര്‍ സമരത്തിനിറങ്ങും. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രോഗികളുടെ ജീവന്‍ കൈയിലെടുത്തുള്ള സമ്മര്‍ദതന്ത്രമാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ വച്ചുപുലര്‍ത്തുന്നത്. ഈ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നതു കൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ചികിത്സാ പിഴവു മൂലമുള്ള മരണങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംഘടനാ ബലത്തിലാണ് ചില ഡോക്ടര്‍മാര്‍ രോഗികളോട് നിഷ്‌കരുണം പെരുമാറുന്നത്. തെറ്റുപറ്റുന്ന അംഗങ്ങള്‍ക്കെതിരേ സംഘടനകള്‍ നടപടിയെടുക്കാനും അവര്‍ക്കു വേണ്ടി സമരം ചെയ്യാന്‍ ഇറങ്ങുകയില്ലെന്നും തീരുമാനിച്ചാല്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളിലെ അനാസ്ഥ കാരണം മരിക്കേണ്ടിവരുന്ന ഹതഭാഗ്യരായ രോഗികളുടെ എണ്ണത്തില്‍ വളരെയേറെ കുറവുണ്ടാകും. അത്തരം നിര്‍ഭാഗ്യരെ ഓര്‍ത്ത് അവരുടെ കുടുംബങ്ങള്‍ക്ക് കണ്ണീരൊഴുക്കേണ്ടിവരില്ല.
ഇപ്പോള്‍ സമരം ചെയ്തവര്‍ക്കു മുന്നില്‍ കീഴടങ്ങിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണം. രോഗികളുടെ ജീവന്‍കൊണ്ട് പന്താടുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയുമായി മുന്നോട്ടുപോകുകയാണ് വേണ്ടത്. അവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ പൊതുസമൂഹത്തിന്റെ സഹകരണമില്ലാത്ത ഈ സമരം പരാജയപ്പെടുമായിരുന്നു. സമരക്കാരുടെ വാശിക്ക് സര്‍ക്കാര്‍ കീഴടങ്ങുമ്പോള്‍ പരാജയപ്പെടുന്നത് നിസ്സഹായരായ കൊവിഡ് ബാധിതരും പൊതുസമൂഹവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."