സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ല: പി. ജയരാജന്
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന മൊഴി അദ്ദേഹം നല്‍കിയിട്ടില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം നസീര്‍ തന്നെ അറിയിച്ചു.
നസീറിനുനേരെ നടന്ന അക്രമത്തിന്റെ പേരില്‍ തനിക്കും പാര്‍ട്ടിക്കുമെതിരേ അപവാദ പ്രചാരണം നടത്തുകയാണ്. മൂന്നുപേര്‍ അക്രമിച്ചുവെന്നാണ് പറഞ്ഞത്. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ആരോപണം. നസീറിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അംഗത്വം പുതുക്കാതിരുന്നതിനാല്‍ പുറത്തായതാണ്. ഒരുതരത്തിലുമുള്ള വ്യക്തി വൈരാഗ്യം നസീറിനോട് തനിക്കില്ല. അദ്ദേഹവുമായി ഇപ്പോഴും താന്‍ നല്ല സൗഹൃദത്തില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സഹോദരനടക്കം ഇപ്പോഴും സി.പി.എം പ്രവര്‍ത്തകരാണ്. തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ല. ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. താന്‍ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്നും സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സി.പി.എം നേതാവും വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി നസീറിന് നേരെ ഇക്കഴിഞ്ഞ 18ന് രാത്രിയിലാണ് തലശേരിയില്‍ വച്ച് ആക്രമണമുണ്ടായത്. സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി. ജയരാജനുനേരെ കോണ്‍ഗ്രസിന്റെയും ആര്.എം.പിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത്. ഇന്നലെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.ഒ.ടി നസീറിനെ സന്ദര്‍ശിച്ച ജയരാജന് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റു ചെയ്തു. പരുക്കേറ്റ നസീറിന് അടുത്ത് ജയരാജന് നില്ക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പമുണ്ട്.
'അക്രമത്തില്‍ പരുക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന സി.ഒ.ടി നസീറിനെ അല്പസമയം മുന്‍പ് സന്ദര്‍ശിച്ചു'- എന്നാണ് ഫേസ്ബുക്കില്‍ ജയരാജന് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് ചുരുങ്ങിയ സമയത്തിനുള്ളില്‍ കമന്റിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."