മുന്നണി വിരുദ്ധ നീക്കം: യു.പിയില്‍ പിന്നാക്ക ക്ഷേമ മന്ത്രി രാജ്ഭാറിനെ പുറത്താക്കി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയമായിരിക്കും യു.പിയില്‍ ഉണ്ടാവുകയെന്നും വ്യക്തമാക്കിയ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി) അധ്യക്ഷനും പിന്നാക്ക വിഭാഗക്ഷേമ മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭാറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്താക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും ബി.ജെ.പിയുടെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് നേരത്തെ രാജ്ഭാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ലെങ്കിലും മന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. രാജ്ഭാറിനെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നല്കിയ ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും ചെയര്മാന്മാരെയും മുഖ്യമന്ത്രി പുറത്താക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പുകളെല്ലാം തിരിച്ചെടുത്തതായി അറിയിച്ചുകൊണ്ട് രാജ്ഭവന് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. രാജ്ഭാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പി മന്ത്രിയായ അനില്‍ രാജ്ഭാറിന് കൈമാറിയിട്ടുണ്ട്.
അതേസമയം, തന്നെ പുറത്താക്കികൊണ്ടുള്ള തീരുമാനത്തെ ഓംപ്രകാശ് രാജ്ഭാര്‍ സ്വാഗതം ചെയ്തു. തന്നെ പുറത്താക്കാനെടുത്ത തീരുമാനം താമസിച്ചുപോയെന്നും അദ്ദേഹം പ്രതികരിച്ചു. 20 ദിവസം മുന്‍പുതന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രാജ്ഭാര്‍ പറഞ്ഞു.
താന്മുന്നോട്ടുവച്ച പല കാര്യങ്ങളും അംഗീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായിരുന്നില്ല.
പ്രാഥമിക വിദ്യാഭ്യാസം പരിഷ്കരിക്കുക, ഗുജറാത്തിലും ബിഹാറിലുമുള്ളതുപോലെ ഉത്തര്‍പ്രദേശിലും മദ്യനിരോധനം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും രാജ്ഭാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."