ഫ്‌ളാറ്റ് അപകട വിവാദം: കൊടുങ്ങല്ലൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ ബഹളം
പരസ്പരം കൈയ്യാങ്കളിക്ക് തയ്യാറായ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലിസ് തടഞ്ഞു. പൊലിസ് ഇടപെടലിനെ തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കൊടുങ്ങല്ലൂര്‍: ഫ്‌ളാറ്റ് അപകട വിവാദം, നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ ബഹളം. ഇക്കഴിഞ്ഞ ദിവസം കാവില്‍ക്കടവില്‍ നഗരസഭാ പുനരധിവാസ ഫ്‌ളാറ്റില്‍ നിന്ന് വീണ് നാല് വയസുകാരന് പരുക്കേറ്റ സംഭവത്തെ ചൊല്ലിയാണ് നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലമായത്.
ബൈപ്പാസ് സൗന്ദര്യവല്‍ക്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇരുപക്ഷവും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ യോഗം ആരംഭിക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചതോടെ നാടകീയമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമായി എഴുന്നേറ്റ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ഡയസിന് മുന്നില്‍ നിരന്നു. പ്രതിപക്ഷത്തിന്റെ നീക്കം മുന്‍കൂട്ടികാണാതിരുന്ന ഭരണപക്ഷം അല്‍പ്പനേരം സ്തബ്ധരായി. അപകടം തിരിച്ചറിഞ്ഞതോടെ ഭരണപക്ഷത്തെ യുവനിര ചെയര്‍മാന്റെ സംരക്ഷണത്തിനായി പാഞ്ഞെത്തി. ഭരണപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍ യോഗ നടപടികള്‍ പൂര്‍ത്തിയായതായി അറിയിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു.
ഇതോടെ ബി.ജെ.പി അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി ഹാളിന് പുറത്തിറങ്ങി. പിറകെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൂടി പുറത്തിറങ്ങിയതോടെ നഗരസഭാ ഓഫിസിന് മുന്നില്‍ ഇരുപക്ഷവും ഏറ്റുമുട്ടാനൊരുങ്ങി. പരസ്പരം കൈയ്യാങ്കളിക്ക് തയ്യാറായ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലിസ് തടഞ്ഞു.
പൊലിസ് ഇടപെടലിനെ തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് യോഗവും നടത്തി. ഇതേ സമയം നഗരസഭാ കക്ഷി നേതാവ് വി.എം ജോണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കാവില്‍ക്കടവില്‍ നിര്‍മിച്ച പുനരധിവാസ ഫ്‌ളാറ്റിന് മുകളില്‍ നിന്നും വീണ് തൈപ്പറമ്പില്‍ സിയാദിന്റെ മകന്‍ റിസാലിനാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."