ഏറ്റുമാനൂരിലെ റെയില്‍വേ മേല്‍പ്പാലം അടുത്ത ആഴ്ച പൊളിക്കും
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി നിലവിലുള്ള പാലം അടുത്ത ആഴ്ച പൊളിക്കും.
നിലവിലുള്ള 140 മീറ്റര്‍ പ്ലാറ്റ്ഫോം നിലനിര്‍ത്തികൊണ്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഓപ്പറേറ്റിങ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാകും. നിലവിലുള്ള സ്റ്റേഷന് കെട്ടിടം പൊളിക്കില്ല. അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ വരത്തക്കവിധം നിര്‍മിക്കുന്ന റെയില്‍വേ സ്റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. അതിന്റെ ഭാഗമായി പുതിയ രണ്ട് പ്ലാറ്റ്ഫോമുകളുടെ നിര്‍മാണവും നടക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും.
ഏറ്റുമാനൂരിലേത് കൂടാതെ കോട്ടയത്തിനും കുറുപ്പന്തറയ്ക്കും ഇടയ്ക്ക് രണ്ട് മേല്‍പ്പാലങ്ങളും ഇതിന് പിന്നാലെ പൊളിച്ചു പണിയും. ഗാന്ധിനഗറിലെയും മാഞ്ഞൂരിലേയും. മൂന്ന് പാലത്തിനും കൂടി പതിമൂന്നര കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഏറ്റുമാനൂരിലെ മേല്‍പ്പാലം 40 മീറ്റര്‍ നീളത്തിലാണ് നിര്‍മിക്കുക. മറ്റ് രണ്ട് പാലത്തിനും 25 മീറ്റര്‍ നീളമാണുള്ളത്. അടുത്ത ഡിസംബറോടെ പാലം പണി പൂര്‍ത്തിയാക്കാനാണ് റെയില്‍വേ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഏറ്റുമാനൂരിലെ മേല്‍പാലം പൊളിക്കുന്നതോടെ നീണ്ടൂര്‍ റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിടും. അതേസമയം ഏറ്റുമാനൂരില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങള്‍ക്ക് തടസമുണ്ടാവില്ല. റെയില്‍വേ സ്റ്റേഷന് ജങ്ഷന് നിലനിര്‍ത്തികൊണ്ടായിരിക്കും പാലം പണികള്‍ തുടങ്ങിവയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."