ബിനാമി ബിസിനസ്; പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ ബിനാമി ബിസിനസുകള്‍ക്കെതിരെ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്ന ബിനാമി ബിസിനസുകള്‍ അവസാനിപ്പിക്കുന്നതിന് തൊഴില്‍ പരിശോധന വ്യാപകമാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വാണിജ്യ മേഖലയിലെ വഞ്ചനയും സഊദികള്‍ക്കിടയിലെ തൊഴിലില്ലായ്മയും കൂടാന്‍ പ്രധാന കാരണമായ ബിനാമി ബിസിനസുകള്‍ അവസാനിപ്പിക്കുന്നതിന് ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറിന പദ്ധതി നടപ്പാക്കാനാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ നീക്കം.
സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുക, മുഴുവന്‍ ഇടപാടുകളും ബില്ലുകള്‍ വഴിയാക്കുക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക, ബിനാമി വിരുദ്ധ മേഖലയില്‍ വ്യത്യസ്ത വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകീകരിക്കുക, സ്വദേശിവല്‍ക്കരണം, വാണിജ്യ മേഖലയില്‍ നീതിപൂര്‍വമായ മത്സരം ഉറപ്പുവരുത്തുക, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് വെവ്വേറെ നടപടി സ്വീകരിക്കുക എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുന്ന നടപടികള്‍.
എല്ലാ മേഖലകളിലും ഘട്ടംഘട്ടമായി ബിനാമി വിരുദ്ധ പോരാട്ടം വ്യാപിപ്പിക്കാനാണ് മന്ത്രാലയം ശ്രമിച്ചുവരുന്നത്. ചില്ലറ വ്യാപാര, കോണ്‍ട്രാക്ടിംഗ് മേഖലകളില്‍ ബിനാമി വിരുദ്ധ നടപടികള്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇതിനകം തുടക്കമിട്ടിട്ടുണ്ട്. ഈ രണ്ടു മേഖലകളിലുമാണ് ബിനാമി പ്രവണത ഏറ്റവും ശക്തം.
അടുത്ത ഘട്ടങ്ങളില്‍ മറ്റു മേഖലകളിലേക്കും ബിനാമി വിരുദ്ധ നടപടികള്‍ വ്യാപിപ്പിക്കും. നിയമ ലംഘനങ്ങളില്‍ നിന്ന് മുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വദേശികള്‍ക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത് അതേസമയം രണ്ട് വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കേസാണു സഊദിയില്‍ ബിനാമി ബിസിനസ്. സ്വദേശികളും വിദേശികളും ഈ ശിക്ഷകള്‍ ഒരു പോലെ അനുഭവിക്കേണ്ടി വരും. വിദേശികളെ നാടു കടത്തുകയും ആജീവാാനന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."