ജനപ്രതിനിധികള്‍ക്കെതിരായ കേസില്‍ പൊലിസ് അലസത കാട്ടുന്നു: സുപ്രിംകോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ക്കേസുകളില്‍പ്പെട്ട ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മുകളില്‍ ബാധ്യതയായി തൂങ്ങിക്കിടക്കുകയാണെന്നും അത് അവസാനിപ്പിക്കാന്‍ നടപടി വേണ്ടെതുണ്ടെന്നും സുപ്രിംകോടതി.
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സാക്ഷി വിസ്താരത്തിനായുള്ള വിഡിയോ കോണ്‍ഫറന്‍സ് സൗകര്യങ്ങളുള്ള മുറികള്‍ സ്ഥാപിക്കാന്‍ പണമില്ലാത്തതാണ് ഹൈക്കോടതികള്‍ നേരിടുന്ന ഒരു പ്രശ്‌നം.
ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലിസ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാനും അവരെ കോടതിക്കു മുമ്പാകെ എത്തിക്കാനും തയാറാകാത്തതു കൊണ്ടാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതെന്ന് ഹൈക്കോടതികള്‍ അറിയിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് ഹൈക്കോടതികള്‍ നിര്‍ദ്ദേശങ്ങളും കര്‍മപദ്ധതികളും സമര്‍പ്പിക്കണം.
അതോടൊപ്പം ഓരോ സംസ്ഥാനത്തെയും ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ വിവരങ്ങള്‍ വിശദമായ ലിസ്റ്റായി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഇതിനായി 10 ദിവസത്തെ സമയവും കോടതി അനുവദിച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എം.പിമാരെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് ഹാജരാക്കാന്‍ കേരള പൊലിസ് വൈമനസ്യം കാട്ടുന്നുവെന്ന് കേരളാ ഹൈക്കോടതി അറിയിച്ചതായി കേസിലെ അമിക്കസ് ക്യൂറി വിജയ് ഹാന്‍സാരിയ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
സമന്‍സയക്കാനും വാറണ്ടുകള്‍ അയക്കാനും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമുണ്ടായാല്‍ ഇതിന് പരിഹാരമുണ്ടാകും.
വാറണ്ടോ, സമന്‍സോ ലഭിച്ച ശേഷം വിചാരണയ്ക്ക് ഹാജരാകാത്ത ജനപ്രതിനിധികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയും മറ്റ് അച്ചടക്കനടപടിയും സ്വീകരിക്കണമെന്നും അമിക്കസ്‌ക്യൂറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ കീഴ്‌ക്കോടതികളില്‍ എം.പിമാരും, എം.എല്‍.എമാരും പ്രതികളായ 324 കേസുകള്‍ നടപടിയാവാതെ കിടക്കുന്നുണ്ടെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."