ബദ്ര്‍: വിമോചനത്തിന്റെ വീരഗാഥ
പ്രവാചക ചരിത്രത്തില്‍ മുസ്‌ലിംകളും എതിരാളികളും തമ്മില്‍ നടന്ന ആദ്യത്തെ യുദ്ധമാണ് ബദ്ര്‍. ബദ്‌റിന്റെ താഴ്‌വരയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നു നടന്ന ഈ യുദ്ധം ചരിത്രത്തിലെ വേറിട്ടൊരധ്യായമായി ഇന്നും വിശ്വാസികള്‍ക്ക് ആവേശം പകരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവാണ് ബദ്ര്‍ യുദ്ധം. ഭൂമിയില്‍ ഇസ്‌ലാമിന്റെ അസ്തിത്വം നിര്‍ണയിച്ചത് ബദ്‌റായിരുന്നു. യുദ്ധത്തിന്റെ ആരംഭത്തില്‍ നബി (സ) ഇപ്രകാരം പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ഈ സമൂഹത്തെ നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ ഭൂമിയില്‍ നിനക്ക് ആരാധിക്കാന്‍ ആരുമുണ്ടാവുകയില്ല, അതുകൊണ്ട് നീ വിജയം തരേണമേ'. അല്ലാഹുവിന്റെ മതത്തിന്റെ സംരക്ഷണത്തിന് നിലകൊണ്ട ഈ ചെറുസംഘം വിജയം നേടിയത് നിശ്ചയദാര്‍ഢ്യം കൊണ്ടും അല്ലാഹുവിന്റെ സഹായത്താലുമാണ്. അംഗബലമല്ല വിജയത്തിനടിസ്ഥാനം എന്നതാണു ബദ്ര്‍ നല്‍കുന്ന മുഖ്യപാഠം. ഇച്ഛാശക്തിയും വിശ്വാസവീര്യവുമുള്ള ഒരു ചെറിയ സംഘത്തിനു സര്‍വ സന്നാഹങ്ങളുമുള്ള ഒരു വലിയ സൈന്യത്തെ അതിജയിക്കാന്‍ സാധിക്കുമെന്നാണ് ബദ്ര്‍ ലോകത്തെ പഠിപ്പിച്ചത്. നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസവും പിന്തുണയുമായിരുന്നു ഈ സംഘത്തിന്റെ മുഖമുദ്ര. ഇസ്‌ലാമിക വീഥിയില്‍ സര്‍വവും സമര്‍പ്പിക്കാന്‍ സന്നദ്ധരായ അനുയായികളായിരുന്നു ബദ്‌റിന്റെ കൈമുതല്‍. അന്തിമ വിജയം സത്യവിശ്വാസികള്‍ക്കുള്ളതാണ് എന്ന പാഠവും ബദ്ര്‍ നല്‍കുന്നു.
ഖുറൈശിപ്പട ബദ്ര്‍ യോദ്ധാക്കളുടെ വിശ്വാസ ദൃഢതയ്ക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞു. ശത്രുപക്ഷത്തുനിന്ന് 70 പേര്‍ വധിക്കപ്പെടുകയും 70 പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. തടവിലാക്കപ്പെട്ടവരോട് നബി (സ) മാതൃകാപരമായാണ് പെരുമാറിയത്.
വിശുദ്ധ റമദാനിലെ ഈ പോരാട്ട ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഏതു ശത്രുവിനു മുന്നിലും വിജയശ്രീലാളിതനാകാന്‍ പരിശീലനം നല്‍കാനാണ്. അതുകൊണ്ടാണ് ഈ ദിവസത്തെ യൗമുല്‍ ഫുര്‍ഖാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്.
ബദ്ര്‍ നല്‍കുന്ന പ്രചോദനവും പോരാട്ട വീര്യവും ഗുണപാഠങ്ങളുമാണ് ബദ്ര്‍ ദിനത്തെ യൗമുല്‍ ഫുര്‍ഖാനാക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ബദ്ര്‍ തന്നെ വേണ്ട. ബദ്ര്‍ ഭീകരതയായി ചിത്രീകരിക്കപ്പെടുമോ എന്ന് ഭയന്ന് ബദ്ര്‍ ചരിത്രം പോലും പറയാന്‍ ഇന്ന് പലര്‍ക്കും ഭയമാണ്.
ധര്‍മയുദ്ധം ഒരു മതത്തിലും ഭീകരതയല്ല. വിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല ധര്‍മയുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത്. മത്തായി 10:39ല്‍ ഇങ്ങനെ വായിക്കാം: ഞാന്‍ സമാധാനം വര്‍ത്തിക്കാന്‍ വന്നവനല്ല, വാളുകൊണ്ട് തീര്‍പ്പുകല്‍പ്പിക്കാന്‍ വന്നവനാണ്. ഇത്തരം ഉപദേശങ്ങള്‍ ബൈബിളില്‍ മറ്റിടത്തും ഉണ്ട്. ഗീതോപദേശം മുഴുവന്‍ ധര്‍മയുദ്ധത്തിനുള്ള ആഹ്വാനമാണല്ലോ. ലങ്കാദഹനം മുതല്‍ ബോള്‍ഷെവിക് വിപ്ലവങ്ങള്‍ വരെ നടന്ന എല്ലാ യുദ്ധങ്ങളും രക്തരൂക്ഷിതമായിരുന്നു. അവയൊന്നും ഭീകരമല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ബദ്ര്‍ മാത്രം ഭീകരമാകുന്നത്? മുഹമ്മദ് നബി(സ)യും അനുയായികളും നേതൃത്വം നല്‍കിയ ഒരു യുദ്ധത്തിലും അതിക്രമം കാണിക്കുകയോ യുദ്ധപരിധി ലംഘിക്കുകയോ സ്ത്രീകളെയും കുട്ടികളെയും വധിക്കുകയോ ചെയ്തിരുന്നില്ല. നബി(സ)യുടെ ജീവിതകാലത്ത് 74 യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 27 യുദ്ധങ്ങളില്‍ പ്രവാചകന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. 47 യുദ്ധങ്ങളില്‍ അവിടുത്തെ അനുചരന്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. 74 യുദ്ധങ്ങളിലായി ആകെ 259 മുസ്‌ലിം യോദ്ധാക്കളും 759 മറ്റുള്ളവരും കൂടി 1018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഇത്രയധികം യുദ്ധങ്ങള്‍ നടന്നിട്ടും കൊല്ലപ്പെട്ടവര്‍ വളരെ തുച്ഛം പേര്‍ മാത്രമായിരുന്നു.
പ്രതിരോധത്തിനും ആത്മസംരക്ഷണാര്‍ഥവുമായിരുന്നു പ്രവാചകനും അനുയായികളും ബദ്ര്‍ നടത്തിയത്. ബദ്‌റിനു ശേഷമുള്ള ഉഹ്ദ്, ഹുനൈന്‍, ഖന്തഖ്, ഹുദൈബിയ, ഫത്ഹ് മക്ക തുടങ്ങിയ യുദ്ധങ്ങളെല്ലാം ഇങ്ങനെ തന്നെയായിരുന്നു. സ്വാര്‍ഥതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ അവിടുന്ന് അംഗീകരിച്ചില്ല.
'പരലോകത്ത് ആദ്യമായി വിധി തീര്‍പ്പുണ്ടാക്കുക കൊലക്കുറ്റത്തിനായിരിക്കും' എന്നും 'ആദരണീയ (നിരപരാധികളുടെ) രക്തം ചിന്താതിരിക്കുന്നിടത്തോളം സത്യവിശ്വാസിക്ക് ദീനിന്റെ വിശാലത ലഭിച്ചുകൊണ്ടിരിക്കും' എന്നുമാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. ഒരു നിരപരാധിയുടെ രക്തം ചിന്തുന്നത് മാനവരാശിയെ മുഴുവനായി വധിക്കുന്നതിന് സമാനമാണ് എന്നാണല്ലോ ഖുര്‍ആനിക പാഠം.
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ)നിന്ന്: നബി (സ) പറഞ്ഞു: 'അന്ത്യനാളില്‍ ഒരാള്‍ മറ്റൊരാളുടെ കൈപിടിച്ച് അല്ലാഹുവിന് മുന്‍പില്‍ വന്ന് പറയും: 'നാഥാ, ഇയാള്‍ എന്നെ വധിച്ചു'. 'നിന്നെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ അയാളെ കൊന്നത്' എന്ന് അയാള്‍ മറുപടി പറയും. 'അത് എനിക്കുള്ളത് തന്നെയാണ്' എന്ന് അപ്പോള്‍ അല്ലാഹു പറയും. അതിനുശേഷം മറ്റൊരാള്‍ തന്റെ കൊലയാളിയുടെ കൈപിടിച്ചുകൊണ്ട് കടന്നുവന്ന് പറയും: 'ഇയാള്‍ എന്നെ വധിച്ചു'. 'എന്തിനാണ് അയാളെ കൊന്നത്?' എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് 'ഇന്നതിനെയും ഇന്നതിനെയുമെല്ലാം മഹത്വപ്പെടുത്താനാണ് ഞാന്‍ അത് ചെയ്തത്' എന്നാണ് കൊലയാളി മറുപടി പറയുക. 'അത് അവയ്‌ക്കൊന്നുമുള്ളതല്ലല്ലോ'; അയാള്‍ ചെയ്ത പാപത്തിന്റെ ഫലം അയാള്‍ക്കുമേല്‍ തന്നെയായിരിക്കും' എന്ന് അപ്പോള്‍ അല്ലാഹു പറയും'(നസാഈ). ഉദ്ദേശ്യശുദ്ധിയില്ലാത്ത കലാപങ്ങളെ വിശ്വാസ സംരക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഇസ്‌ലാമിക അധ്യാപനം.
വിശുദ്ധ റമദാനില്‍ ബദ്ര്‍ മാത്രമല്ല സംഭവിച്ചത്. ഹിജ്‌റ എട്ടിന് റമദാന്‍ 23നാണ് മക്കം ഫത്ഹ് സംഭവിച്ചത്. ഹിജ്‌റ 583 റമദാനിലാണ് സ്വലാഹുദ്ദീന്‍ അയ്യൂബി ബൈത്തുല്‍ മുഖദ്ദസ് കീഴടക്കിയത്. ഹിജ്‌റ 658ലെ റമദാനിലാണ് ചെങ്കിസ്ഖാന്റെ താര്‍ത്താരി സൈന്യത്തെ സൈഫുദ്ദീന്‍ ബ്‌നു ഖുതുബ് ഐന്ജാലൂത്തില്‍ കീഴടക്കിയത്. ഇതിനെല്ലാം പ്രചോദനമായത് ബദ്‌റാണ്.
( സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോ. സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."