പുനര്‍നിര്‍മാണത്തിന് ആയുധവുമായി എങ്ങോട്ട്
കേരളമുണ്ടായ കാലം മുതല്‍ അതിന്റെ വടക്കേയറ്റം മുതല്‍ തെക്കേ അറ്റംവരെ കടലുണ്ട്. ആ കടല്‍ ഇന്നുവരെ എത്ര കൊടിയ മഴക്കാലത്തും ഈ കൊച്ചുനാടിനെ വിഴുങ്ങിയതായി ചരിത്രം പറയുന്നില്ല. ഐതിഹ്യമനുസരിച്ചുപോലും കടല്‍ വഴിമാറുകയാണല്ലോ ചെയ്തത്.
ഇടയ്ക്കു കടല്‍ ക്ഷോഭിക്കും. അപ്പോള്‍ തീരപ്രദേശത്തേയ്ക്കു തിരമാലകള്‍ അസാധാരണമായി കുതിച്ചെത്തും. ചിലപ്പോള്‍ ആ ക്ഷോഭം ഏതാനും മീറ്ററുകള്‍ ദൂരം കരയെ ആക്രമിക്കും. ആ പരിധിയില്‍ വരുന്ന എന്തിനെയും നക്കിത്തുടയ്ക്കും. കലിയടങ്ങിയാല്‍ പിറകോട്ടു മാറി അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിയൊതുങ്ങി നില്‍ക്കും.
ചരിത്രാതീത കാലം മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണത്. അന്നും കടല്‍ത്തീരത്തു മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അവര്‍ കടലമ്മയുടെ കലിയും സ്‌നേഹവും കണ്ടും അറിഞ്ഞും ജീവിച്ചവരാണ്. കലി തുള്ളുമ്പോള്‍ അത് ബാധിക്കാത്തിടത്താണ് അവര്‍ കൂരവച്ചു കഴിഞ്ഞിരുന്നത്. അക്കാലത്ത് തരിശുഭൂമി നോക്കെത്താ ദൂരത്തോളമുണ്ടായിരുന്നു, ജനസംഖ്യ തീര്‍ത്തും കുറവുമായിരുന്നു.
പില്‍ക്കാലത്ത് ജനപ്പെരുപ്പം കൂടിയപ്പോള്‍ മറ്റിടങ്ങളിലെന്നപോലെ തീരദേശത്തും താമസിക്കാന്‍ ഇടമില്ലാതായി. വീടു നിര്‍മാണം പടിഞ്ഞാറോട്ടു നീങ്ങിനീങ്ങി തിരക്കൈകള്‍ക്കു തൊട്ടടുത്തെത്തി. വറുതിയില്‍ കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കു മഴയും വെയിലുമേല്‍ക്കാതെ കയറിക്കിടക്കാനൊരു കൂരയുണ്ടാക്കാന്‍ വേറെ മാര്‍ഗമില്ലായിരുന്നു.
കടലിന്റെ വിഹാരരംഗം കൈയേറുന്നതു ഭാവിയില്‍ അപകടമാകുമെന്നു തിരിച്ചറിയേണ്ട ഭരണകൂടം അതു ഗൗനിച്ചുമില്ല. അതിന്റെ ഫലമായി ഓരോ മഴക്കാലത്തും കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ തകര്‍ന്നുവീഴുന്ന വീടുകളുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു.
ഇതിനു പരിഹാരമായി ചെയ്യേണ്ടിയിരുന്നത് കടല്‍പരിധിയില്‍ നിന്നു മാറിനില്‍ക്കലായിരുന്നു. പക്ഷേ, അതിനു പകരം കണ്ടെത്തിയതു കടല്‍ഭിത്തി നിര്‍മാണം. അതിനു തീരുമാനമെടുക്കലും നടപ്പാക്കലുമെല്ലാം ധൃതഗതിയില്‍ നടന്നു. ആനയ്ക്കും ഇളക്കാന്‍ കഴിയാത്ത വലിപ്പത്തിലുള്ള കരിങ്കല്‍പാറകള്‍ വന്‍ലോറികളില്‍ കൊണ്ടുവന്നു കടല്‍ത്തീരത്തിട്ടു. കോടിക്കണക്കിനു രൂപയാണ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ കടലില്‍ത്തള്ളിയത്.
എന്നിട്ടോ. കേരളത്തിലെ ഒരു തീരവും കടലാക്രമണത്തില്‍നിന്നു രക്ഷപ്പെട്ടില്ല. തുടര്‍ച്ചയായ തിരയടിയില്‍പ്പെട്ടു കരിങ്കല്‍ ഭിത്തി പലയിടത്തും മണലില്‍ താണു. ക്ഷോഭകാലത്തു തിരമാലകള്‍ അതിനു മുകളിലൂടെ കുതിച്ചു ചാടി. ഭിത്തിക്കപ്പുറം കടന്നു വീടുകളും തെങ്ങുകളു പിഴുതെടുത്തു സംഹാരതാണ്ഡവമാടി.
കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ തിരയെത്താന്‍ സാധ്യതയുള്ള സ്ഥലത്തുനിന്നും അകലെയായി മത്സ്യത്തൊഴിലാളികള്‍ക്കു താമസിക്കാന്‍ ഉറപ്പുള്ള ബഹുനില പാര്‍പ്പിടസമുച്ചയങ്ങള്‍ ഉണ്ടാക്കിയാല്‍ പരിഹരിക്കാമായിരുന്ന കാര്യമാണ് കടലില്‍ കായം കലക്കുംമട്ടില്‍ അവസാനിപ്പിച്ചത്.
പടിഞ്ഞാറ് തിരയെ തടുക്കാന്‍ വേണ്ടി ചെലവഴിച്ച കോടികളുടെ കണക്കല്ല ഇവിടെ ഇപ്പോള്‍ പ്രസക്തം. നിര്‍മാണപ്രവൃത്തിയുടെ പേരില്‍ കോടികള്‍ മുക്കുന്നത് അന്നുമിന്നും പതിവാണല്ലോ. അതിലേറെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കീശകളിലേയ്ക്കാണ് ഒഴുകിയെത്തിയതെന്നു പറയുന്നത് നമുക്കിപ്പോഴും തമാശ പറച്ചിലാണ്.
ഇവിടെ പറഞ്ഞുവരുന്നത്, കടല്‍ത്തീരം നികത്താന്‍ ഇടിച്ചുതീര്‍ത്ത മലയോരത്തെക്കുറിച്ചാണ്. എത്രയെത്ര കുന്നുകളും മലകളുമാണ് ഇതിനായി നിര്‍ദാക്ഷിണ്യം ഇടിച്ചുനിരത്തിയത്. കടല്‍ത്തീരത്തു ഭിത്തി നിര്‍മിക്കലിനൊപ്പം പട്ടണവും കുഗ്രാമവും ഭേദമില്ലാതെ കേരളത്തില്‍ ഉയര്‍ന്നുവരുന്ന അംബരചുംബികള്‍ക്കും വെണ്‍മാടങ്ങള്‍ക്കുമായി അതിലേറെ കുന്നും മലയും ഇടിച്ചുതള്ളി.
പ്രകൃതിയെ വല്ലാതെ ഉലയ്ക്കാതെയാണ് ഈ പാറപൊട്ടിക്കല്‍ എങ്കില്‍ സമാധാനിക്കാമായിരുന്നു. ഇവിടെ പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരുന്നത് അതല്ലല്ലോ, ഗര്‍ഭം കലക്കികളാണ് ഓരോ ക്വാറിയിലും ദിവസേന തുടര്‍ച്ചയായി പൊട്ടിക്കുന്നത്. അതു പിടിച്ചു കുലുക്കുന്നത് ആ ക്വാറിയെ മാത്രമല്ല, സമീപപ്രദേശങ്ങളെ മൊത്തമാണ്. അതിഭീകരമായ ഡൈനാമിറ്റുകള്‍ വച്ചുള്ള ഈ പാറ ഖനമാണ് ഉരുള്‍പൊട്ടലുകളുടെ തോത് വര്‍ധിപ്പിച്ചതെന്നാണു വിവരമുള്ള ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
കണ്ണും മൂക്കുമില്ലാത്ത ഖനനം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയിലും വന്‍ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നു. ശരിയാണ്, കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം താമസിക്കാന്‍ ആവശ്യമായത്ര വീടുകള്‍ വേണം. വ്യവസായസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പടുത്തുയര്‍ത്തേണ്ടതും സൗകര്യപ്രദമായ റോഡുകള്‍ നിര്‍മിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനൊക്കെ കല്ലും മണലും തന്നെയാണ് നമുക്കു പ്രധാനമായും ആശ്രയം.
അതിനാല്‍ പ്രകൃതിചൂഷണം തീര്‍ത്തും തടയാനാവില്ല. പക്ഷേ, നിയന്ത്രിക്കാമല്ലോ. കേരളത്തിലെ കുടുംബങ്ങളില്‍ മിക്കതും ഇപ്പോള്‍ അണുകുടുംബങ്ങളാണ്. എന്നാല്‍, അവര്‍ താമസിക്കുന്നതാകട്ടെ അഞ്ചും ആറും അതിലേറെയും കിടപ്പുമുറികളും അതിലേറെ മറ്റു മുറികളുമുള്ള കൊട്ടാരങ്ങളില്‍. നാട്ടിന്‍പുറങ്ങളില്‍പ്പോലും നോക്കുന്നിടത്തു മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളാണ്.
ഇത്തവണ ഏറ്റവുമധികം പ്രളയദുരന്തമുണ്ടായ പത്തനംതിട്ട ജില്ലയെക്കുറിച്ചു പൊതുവെ പറയുന്ന ഒരു വര്‍ത്തമാനമുണ്ട്, അവിടെ ആള്‍ത്താമസമുള്ള വീടുകളേക്കാള്‍ ആള്‍ത്താമസമില്ലാത്ത കൊട്ടാരങ്ങളാണുള്ളതെന്ന്. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും മറ്റും ജോലിചെയ്യുന്നവര്‍ നിര്‍മിച്ച് പൂട്ടിയിടുന്ന വെണ്മാടങ്ങളാണ്. കേരളത്തിലെ മിക്ക ലക്ഷുറി വില്ലകളും ലക്ഷുറി ഫ്‌ളാറ്റുകളും അടഞ്ഞുകിടക്കുകയാണ്. വാങ്ങാന്‍ ആളില്ലാത്തതല്ല, വാങ്ങിയവരെല്ലാം വിദേശങ്ങളിലായതിനാലാണ്.
പണമുള്ളവര്‍ വീടുവയ്ക്കുന്നതിലുള്ള അസൂയയല്ല ഇവിടെ പ്രകടിപ്പിക്കുന്നത്, അതിനെല്ലാമായി ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തിലുള്ള ഉത്കണ്ഠയുമല്ല, ഇത്തരം വെണ്മാടങ്ങള്‍ പടുത്തുയര്‍ത്തുന്നതിനായി നടത്തേണ്ടിവരുന്ന പ്രകൃതി ചൂഷണത്തെ ഓര്‍ത്താണ്. കണ്ണും മൂക്കുമില്ലാത്ത പ്രകൃതിചൂഷണത്തിലൂടെയാണല്ലോ നാം ഈ ദുരന്തം ചോദിച്ചുവാങ്ങിയത്. മനുഷ്യന്‍ നല്‍കുന്ന ആഘാതം ഭൂമിക്കു താങ്ങാനാവാതായിരിക്കുന്നു.
പ്രളയദുരന്തത്തിനു വേദിയായ കേരളത്തെ പുനഃസൃഷ്ടിക്കാനായി നാം കച്ചകെട്ടിയിറങ്ങുമ്പോള്‍ ആദ്യം ചിന്തിക്കേണ്ട കാര്യം ബോധപൂര്‍വം മറന്നുപോയിരിക്കുന്നുവെന്ന് 'തീര്‍ത്തും പാഴിലായത് ' എന്നു മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച പ്രത്യേക സമ്മേളനം തെളിയിച്ചിരിക്കുന്നു. പുനഃസൃഷ്ടിക്കുവേണ്ടി വീണ്ടും പ്രകൃതിയുടെ നെഞ്ചിനു നേരേ ആയുധവുമായി ഇറങ്ങാന്‍ പാടുണ്ടോ എന്ന് ജനപ്രതിനിധികളാരും സ്വയം ചോദിച്ചില്ല. കടലില്‍ കല്ലിട്ടു കീശ വീര്‍പ്പിക്കാന്‍ കിട്ടിയ അവസരം പരമാവധി മുതലെടുത്ത അധികാരകേന്ദ്രങ്ങളില്‍നിന്ന് ഇനിയും അതല്ലാതൊന്നു പ്രതീക്ഷിക്കാമോ.
ലക്ഷക്കണക്കിനു രൂപ പൊടിച്ചു നിയമസഭാ യോഗം വിളിച്ചുചേര്‍ത്തു സമയം കൊല്ലുന്നതിനു പകരം വിദഗ്ധരെ വിളിച്ചുകൂട്ടി പ്രകൃതിയെ കൊല്ലാതെ എങ്ങനെ പുനഃസൃഷ്ടി സാധ്യമാകുമെന്നതിനെക്കുറിച്ചൊരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കി അതിന നുസരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."