സോഷ്യല്‍ മീഡിയ തുണയായി; കമ്മദാലി വീട്ടിലെത്തി
ചങ്ങരംകുളം: ഓര്‍മക്കുറവു മൂലം വഴിതെറ്റി ജില്ലാ അതിര്‍ത്തിയായ ചാലിശ്ശേരി , കൂറ്റനാട് , പട്ടാമ്പി എന്നിവിടങ്ങളില്‍ അലഞ്ഞു തിരിഞ്ഞിരുന്ന 85 കാരനായ പരപ്പനങ്ങാടി സ്വദേശിയ്ക്ക് പൊലിസ് സഹായവും വാട്സാപ് ഗ്രൂപ്പുകളുടെ സഹായവും ലഭിച്ചതോടെ വീട്ടിലെത്താനായി.
പരപ്പനങ്ങാടി കുട്ടുവന്റെ പുരക്കല്‍ കമ്മദാലി (85) യാണ് ഓര്‍മക്കുറവ് മൂലം വഴി തെറ്റിയത്. പരസ്പര ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുന്ന കമ്മദാലി ഒടുവില്‍ പൊലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ബസിലും മറ്റുമായി ചാലിശ്ശേരി, കൂറ്റനാട് എന്നിവിടങ്ങളില്‍ കണ്ടതായും വാട്സ് ആപ്പില്‍ പ്രചരിച്ചു. പട്ടാമ്പി പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ കമ്മദാലിക്ക് വീടെത്താനായി. കമ്മദാലിയുടെ ഫോട്ടോ മറ്റ് സ്റ്റേഷനിലേക്ക് പൊലിസ് കൈമാറുകയായിരുന്നു.
വാട്സാപ് ഗ്രൂപ്പിലുടെ ഫോട്ടോ പ്രചരിച്ചതോടെ കമ്മദാലിയെ അന്വേഷിക്കുന്ന ബന്ധുക്കള്‍ക്കു വിവരം ലഭിക്കുകയായിരുന്നു. പുലര്‍ച്ചെ ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിയ കമ്മദാലി ട്രെയിനില്‍ കയറി പട്ടാമ്പിയിലെത്തുകയായിരുന്നു. വീട്ടുകാര്‍ രാവിലെ മുതല്‍ കമ്മദാലിയെ കാണാത്തതിനാല്‍ അന്വേഷണം തുടങ്ങിയിരുന്നു. വാട്സാപ് ഗ്രൂപ്പില്‍ കമ്മദാലിയുടെ ഫോട്ടോ പ്രചരിച്ചതോടെ പിതാവ് പട്ടാമ്പിയിലുണ്ടെന്നറിഞ്ഞ മകന് വിലാര്‍ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
വൈകുന്നേരത്തോടെ മകന് വിലാര്‍ പട്ടാമ്പി പൊലിസ് സ്റ്റേഷനിലെത്തി പിതാവിനെ പരപ്പനങ്ങാടിയിലേക്കു കൂട്ടിക്കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."