പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജമാക്കുന്നു
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ 9941 സ്‌കൂളുകളില്‍ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഇതനുസരിച്ച് 55,086 ലാപ്‌ടോപ്പുകള്‍ക്കും, യു.എസ്.ബി. സ്പീക്കറുകള്‍ക്കും, 23,170 പ്രൊജക്ടറുകള്‍ക്കുമുള്ള സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ് ) ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.ദേശീയതലത്തില്‍ മത്സരാധിഷ്ഠിത ടെണ്ടര്‍ വഴി ലാപ്‌ടോപ്പുകള്‍ക്ക് നാല് ബ്രാന്‍ഡുകളും പ്രൊജക്ടറുകള്‍ക്ക് അഞ്ച് ബ്രാന്‍ഡുകളുമാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ ലാപ്‌ടോപ്പിനുള്ള ടെണ്ടര്‍ എയ്‌സര്‍ ബ്രാന്‍ഡ് ക്വാട്ട് ചെയ്ത കെല്‍ട്രോണിന് 23,638 രൂപ അടിസ്ഥാന വിലയും 18 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിലാണ് ലഭിച്ചത്.
ലാപ്‌ടോപ്പുകളില്‍ ഇന്റലിന്റെ കോര്‍ ഐ 3 ഏഴാം തലമുറയിലുള്ളതും, എ.എം.ഡിയുടെ റെയ്‌സന്‍ മൂന്ന് പ്രോസസറുകളുമാണ് ടെണ്ടര്‍ നേടിയത്.292 കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്‌കൂള്‍ പ്രോജക്ടില്‍ 252.28 കോടി രൂപ ലാപ്‌ടോപ്പ്, യു.എസ്.ബി സ്പീക്കര്‍, പ്രൊജക്ടറുകള്‍ എന്നിവയ്ക്കുള്ളതായിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം നികുതിയുള്‍പ്പെടെ 204.9കോടി രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. അതായത് കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റില്‍ നിന്നും 47.34 കോടി രൂപ കുറവിലാണ് ഉപകരണങ്ങള്‍ വാങ്ങുക. അഞ്ചു വര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറണ്ടി ഉള്ളതിനാല്‍ ഇനി സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷം മെയിന്റനന്‍സ് ഇനത്തില്‍ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ കൈറ്റ് സജ്ജമാക്കും. നിശ്ചിത സമയത്തിനകം സ്‌കൂളുകളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിദിനം 100 രൂപ നിരക്കില്‍ കമ്പനികള്‍ പിഴ നല്‍കണമെന്ന് കര്‍ശന വ്യവസ്ഥയും കരാറിലുണ്ട്. എല്ലാ ഐ.സി.ടി ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നതാണ്. 9941 സ്‌കൂളുകള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."