സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പ്
നിലമ്പൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിവരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ധനകാര്യ വകുപ്പാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്പാര്‍ക്ക് ഓണ്‍ മൊബൈല്‍ എന്ന ആപ്പ് പുറത്തിറക്കിയത്.
ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് ജോ.സെക്രട്ടറി വി.ആര്‍ മിനി കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഉള്‍പ്പെടെ അടങ്ങിയതാണ് മൊബൈല്‍ ആപ്പ്. നിലവില്‍ കംപ്യൂട്ടര്‍ വഴി മാത്രമേ സ്പാര്‍ക്ക് മുഖേനയുള്ള ശമ്പള വിവരങ്ങള്‍ ജീവനക്കാര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായ മുഴുവന്‍ വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ കഴിയും. അവധിക്കുള്ള അപേക്ഷ, ജോലിയില്‍ പുന:പ്രവേശം, അവധി ദീര്‍ഘിപ്പിക്കല്‍, എടുത്ത അവധികളുടെ പൂര്‍ണ വിവരങ്ങള്‍, മാസശമ്പള വിവരങ്ങള്‍, പേസ്ലിപ്പ് വിവരങ്ങള്‍, പുറമെയുള്ള ഡ്യൂട്ടി, കോമ്പന്‍സേറ്ററി ഓഫ് തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണമായും ഈ ആപ്പിലൂടെ ലഭിക്കും. അതേസമയം ജീവനക്കാരന്‍ സ്പാര്‍ക്കില്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കി മാത്രമാണ് ജീവനക്കാര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് ആന്‍ഡ്രോയിഡ് ആപ്പ് നാഷനല്‍ ഇന്‍ഫോര്‍മേറ്റിക് സെന്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ലോഗിന്‍ ചെയ്യുന്നതിന് സ്‌ക്രീന്‍ഷോര്‍ട്ട് എടുക്കാന്‍ സാധിക്കില്ല.
ആറുവര്‍ഷം മുന്‍പാണ് സ്പാര്‍ക്ക് എന്ന സംവിധാനത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം ഓണ്‍ലൈനാക്കിയത്. സ്പാര്‍ക്ക് വെബ്‌സൈറ്റിലൂടെ ആധാര്‍ ഉപയോഗിച്ച് വ്യക്തിഗത രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."