മലപ്പുറത്ത് ഫ്ളൈ ഓവര്‍; കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടി
മലപ്പുറം: ജില്ലാ ആസ്ഥാനത്തിന്റെ മുഖം മിനുക്കുന്ന ഫ്ളൈ ഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തെ സമീപിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന് നിയമസഭയില്‍ പറഞ്ഞു. മലപ്പുറത്ത് ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവര്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മലപ്പുറം പൊലിസ് സ്റ്റേഷന് മുതല്‍ കിഴക്കേതല ചെത്തുപാലം വരെയാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. ഇതിനായി ബജറ്റില്‍ 50 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ദേശീയപാതകളില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കുവാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്ന മുറക്ക് എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി പ്രവൃത്തി നടത്തുമെന്നും പി ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ജി സുധാകരന് നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചില്ലെന്ന് കഴിഞ്ഞ വികസനസമിതി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതുതള്ളിയാണ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതായി മന്ത്രി നയമസഭയില് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."