'ദ വയറി'നെതിരായ കേസുകള്‍ അദാനി ഗ്രൂപ്പ് പിന്‍വലിക്കും
അഹമ്മദാബാദ്: ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനെതിരേ നല്‍കിയ മാനനഷ്ടക്കേസുകള്‍ വ്യവസായ ഭീമന്‍മാരായ അദാനി ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പമുള്ള അദാനി ഗ്രൂപ്പിന്റെ നടപടി. അടുത്തിടെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് മുഖ്യ പ്രതിപക്ഷ കക്ഷിയായാ കോണ്‍ഗ്രസിനെതിരായ എല്ലാ മാനനഷ്ടക്കേസുകളും പിന്‍വലിച്ചിരുന്നു.
രണ്ടു മാനനഷ്ടക്കേസുകളാണ് അദാനി ഗ്രൂപ്പ് ദ വയറിനെതിരേ ഫയല്‍ ചെയ്തത്. ഈ കേസുകള്‍ അദാനി ഗ്രൂപ്പ് ഉടന്‍ പിന്‍വലിക്കുമെന്നാണ് കമ്പനിയോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ദ വയറിനു പുറമേ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, എംകെ വേണു എന്നിവര്‍ക്കും സിദ്ധാര്‍ഥ് ഭാട്ടിയ, മോണോബിന ഗുപ്ത, പമീല ഫിലിപ്പോസ്, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കുമെതിരേയുമാണ് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തത്. അദാനി ഗ്രൂപ്പ് കേസുകള്‍ പിന്‍വലിക്കാനൊരുങ്ങുന്ന കാര്യം സിദ്ധാര്‍ഥ് വരദ രാജന്‍ സ്ഥിരീകരിച്ചതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുമെന്ന് സിദ്ധാര്‍ഥ് വരദരാജന്‍ പ്രതികരിച്ചതായും ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."