കൊവിഡ് ബാധിച്ചത് ദൈവാനുഗ്രഹം, പരീക്ഷണാടിസ്ഥാനത്തിനുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സയെന്നും ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരീക്ഷണാടിസ്ഥാനത്തിനുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ടു തന്നെ തനിക്ക് ഈ രോഗം ബാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കണക്കാക്കുന്നു. ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.
റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച മരുന്നുകളാണ് ട്രംപ് ഉപയോഗിച്ചത്. എന്നാല്‍ കൊവിഡ് മുക്തനായോ എന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ എത്തിയിരുന്നു.
കഴിഞ്ഞ നാല് ദിവസമായി ട്രംപിന് പനി ഇല്ലെന്നും 24 മണിക്കൂറായി മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കുകയാണ് അദ്ദേഹം.
അതിനിടെ 15ന് എതിരാളി ജോ ബൈഡനുമായി നടക്കേണ്ട അടുത്ത സംവാദം വിര്‍ച്വലായി ആണെങ്കില്‍ അതില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു. വെറുതെ കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍ താനില്ലെന്നും അത് സമയം പാഴാക്കലാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് കൊവിഡ് മുക്തനായാല്‍ മാത്രമേ താന്‍ സംവാദത്തിനുള്ളൂ എന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ട്രംപിന് കൊവിഡായതിനാലാണ് വിര്‍ച്വല്‍ സംവാദമാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. റോയിട്ടേഴ്‌സിന്റെ സര്‍വെ പ്രകാരം 38 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."