വിവിപാറ്റ്: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്നലത്തെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍. കമ്മിഷന്റെ തീരുമാനം സുപ്രിംകോടതി മുന്‍ ഉത്തരവിന്റെ അന്തസത്തയ്ക്ക് എതിരാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാനതത്വം പോലും കമ്മിഷന്‍ മാനിക്കുന്നില്ലെന്നതു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ത്തന്നെ വിവിപാറ്റുകളുടെ സാമ്പിള്‍ എണ്ണി വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കണം. ഫലസൂചനകള്‍ വന്നതിനുശേഷം സാമ്പിള്‍ പരിശോധിക്കുന്നതിന് അര്‍ഥമില്ല. തന്നെയുമല്ല, ഫലം പുറത്തുവന്ന ശേഷം ഇങ്ങനെ ചെയ്യുന്നത് ക്രമസമാധാന നില തന്നെ തകരാനും പ്രക്ഷോഭങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം തള്ളിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് സിങ്‌വി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന്റെ കാരണം കമ്മിഷന്‍ ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ല. എന്നാല്‍, കമ്മിഷന്റെ നടപടിയെ പ്രതിപക്ഷം സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യില്ല. ജനങ്ങളുടെ കോടതി വിധി നാളെ വരും. ജനങ്ങളാണ് ഏറ്റവും വലിയ കോടതി. അവസാന നിമിഷം കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് എല്ലാ വിവിപാറ്റും എണ്ണേണ്ടെന്ന നിലപാട് സുപ്രിംകോടതി കൈക്കൊണ്ടതെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രിംകോടതിയ്ക്ക് പങ്കുണ്ടോയെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്ത സാങ്കേതിക വിദഗ്ധരെക്കുറിച്ച് കമ്മിഷന് യാതൊരറിവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍മന്ത്രിയുമായ നവ് പ്രഭാത് ആരോപിച്ചു.
യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തുന്ന വിദഗ്ധര്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലോ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലോ അംഗങ്ങളല്ല. അവരെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി വാടകയ്‌ക്കെടുത്തതാണ്. അവരെക്കുറിച്ചുള്ള ഒരു വിവരവും കമ്മിഷനറിയില്ല. വേരിഫിക്കേഷന്‍ പ്രക്രിയയില്‍ക്കൂടിയും കടന്നുപോകാതെ അവര്‍ക്ക് വോട്ടിങ് യന്ത്രങ്ങളില്‍ തൊടാനും ഇടപെടാനും സാധിക്കുമെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."