ഇരുതലമൂരി കടത്ത്; മൂന്ന് പേര്‍ ചെക്ക് പോസ്റ്റില്‍ പിടിയില്‍
കുമളി: തമിഴ്‌നാട്ടില്‍ നിന്നും ഇരുതലമൂരിയെ കടത്തിയ മൂന്ന് മലയാളികളെ എക്‌സൈസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കട്ടപ്പന സ്വദേശികളായ മേട്ടുകുഴി ഇടവക്കേടത്ത് അരുണ്‍ (36), ആലക്കല്‍ വീട്ടില്‍ അനീഷ് (33), എറണാകുളം കോക്കപ്പള്ളി കുട്ടശ്ശേരി വീട്ടില്‍ എല്‍ദോ (47) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുമളി അതിര്‍ത്തി ചെക്‌പോസ്റ്റില്‍വച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ കാര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതിനിടെ ഡിക്കിക്കുള്ളില്‍ സംശായ്പദമായ സാഹചര്യത്തില്‍ ഒന്നരയടി നീളവും നാലിഞ്ച് വ്യാസമുള്ള രണ്ട് വശവും മൂടിയതുമായ പി.വി.സി പൈപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് നനഞ്ഞ മണല്‍ നിറച്ചതായി കാണപ്പെട്ടു. ഇത് നിലത്ത് കുടഞ്ഞതോടെയാണ് ഇതിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഇരുതല മൂരിയ കണ്ടെത്തിയത്.
ഇതോടെയാണ് പ്രതികളേയും ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 10 എ.യു.2512 ഫോര്‍ഡ് ഫീയസ്റ്റാ കാറും കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.തമിഴ്‌നാട്ടിലെ ശ്രീവല്ലിപുത്തൂരിലെ റാക്കാച്ചിയമ്മന്‍ കോവിലിനു സമീപത്തു നിന്നുമാണ് ഇരുതല മൂരിയെ പിടികൂടിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട ആള്‍ക്ക് എറണാകുളത്തേക്ക് കൊണ്ട് പോകുന്നതിനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലിപ്പം കുറവായതിനാല്‍ വളര്‍ച്ചക്കനുസരിച്ച് 40 മുതല്‍ 50 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നും ആഭിചരക്രിയകള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഇതിനെ കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായവരെ പിന്നീട് വനം വകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."